മുംബൈ : സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. പ്രതി ഷരീഫുൾ ഇസ്ലാമിന്‍റെ വിരലടയാളങ്ങൾ നടന്‍റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയില്ല. സെയ്ഫിന്‍റെ വീട്ടിൽ നിന്നും കെട്ടിടത്തിൽ നിന്നുമുള്ള ഏകദേശം 20 സാമ്പിളുകൾ സംസ്ഥാന സി.ഐ.ഡിയുടെ ഫിംഗർപ്രിന്‍റ് ബ്യൂറോയിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ അതിൽ 19 എണ്ണം ഷരീഫുളിന്‍റെ വിരലടയാളവുമായി പൊരുത്തപ്പെടുന്നില്ല. പ്രതിയുടെ വിരലടയാളവുമായി പൊരുത്തപ്പെടുന്ന ഒരു വിരലടയാളം കെട്ടിടത്തിന്‍റെ എട്ടാം നിലയിൽ നിന്ന് എടുത്തതാണ്. കിടപ്പുമുറി, കുളിമുറി, അലമാര എന്നിവയുടെ വാതിലുകളിൽ നിന്ന് കണ്ടെടുത്ത വിരലടയാളങ്ങൾ ഷരീഫുളിന്‍റെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്.
ഒന്നിലധികം ആളുകൾ ഒരേ വസ്തുവിൽ സ്പർശിക്കുന്നതിനാൽ വിരലടയാളം തെളിവായിട്ട് എടുക്കാൻ സാധിക്കില്ലെന്നും മുംബൈ പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച സംഭവത്തിൽ മുംബൈ പോലീസ് 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിൽ വിരലടയാളങ്ങൾ, മുഖം തിരിച്ചറിയൽ, മറ്റ് ഫോറൻസിക് തെളിവുകൾ എന്നിവ ഉൾപ്പെടുന്നു. ഷരീഫുൾ ബംഗ്ലാദേശ് പൗരനാണെന്ന് കുറ്റപത്രത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ബാന്ദ്രയിലെ വസതിയിൽ വെച്ചാണ് സെയ്ഫ് ആക്രമിക്കപ്പെട്ടത്. സെയ്ഫിന് ആറ് തവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. നടനെ കുടുംബാംഗങ്ങളും ജോലിക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അതൊരു കവർച്ച ശ്രമമായിരുന്നുവെന്നും, നടന്റെ വീട്ടിൽ അതിക്രമിച്ചു കയറുന്നത് പ്രതി അറിഞ്ഞിരുന്നില്ലെന്നുമാണ് റിപ്പോർട്ട്.