കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ വിമർശിച്ചത് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. നൂറുകണക്കിന് പേർ കൊല്ലപ്പെട്ട മണിപ്പൂർ പ്രശ്നം പ്രധാനമന്ത്രിയുടെ വിരുന്നിൽ ഉന്നയിക്കേണ്ടതായിരുന്നു എന്നാണ് പ്രസംഗത്തിൽ പറഞ്ഞതെന്നും ആ രാഷ്ട്രീയമായ നിലപാടിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
ഹിന്ദുത്വവത്കരണവും ന്യൂനപക്ഷ വേട്ടയും വർഗീയതയും കേന്ദ്ര സർക്കാറിന്‍റെയും സംഘ്പരിവാറിന്‍റെയും സഹായത്തോടെ നടക്കുന്ന ഘട്ടത്തിൽ ഇതിനെതിരായി നിലപാട് സ്വീകരിക്കേണ്ട കാലത്ത് നമ്മുടെ നാട്ടിലെ ജനാധിപത്യ മതേതരവാദികൾ ആ നിലപാട് ഒന്നിച്ച് സ്വീകരിക്കണമെന്നാണ് അഭിപ്രായമായി പറഞ്ഞത്. എന്നാൽ, എന്‍റെ പരാമർശങ്ങളിൽ വന്ന ഒന്നുരണ്ട് കാര്യങ്ങളെ സംബന്ധിച്ച് ചില ആശങ്കകളും പ്രയാസങ്ങളും ബഹുമാന്യരായ പുരോഹിത ശ്രേഷ്ഠർ നേരിട്ടും അല്ലാതെയും പറയുകയുണ്ടായി. ഏത് വിഷയങ്ങളിലാണ് അവർക്ക് പ്രയാസമുണ്ടായതെന്ന് മനസ്സിലായിട്ടില്ല. പ്രസംഗത്തിലെ വീഞ്ഞ്, കേക്ക് പരാമർശത്തിലാണെങ്കിൽ അത് പിൻവലിക്കുന്നു ഖേദം പ്രകടിപ്പിക്കുന്നു -മന്ത്രി പറഞ്ഞു.
പ്രസംഗത്തിലെ രണ്ടാം ഭാഗത്തിൽ ഉദ്ദേശിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഞാൻ എന്‍റെ വാക്കുകളിലൂടെ ഉദ്ദേശിച്ചത് ഒരു വലിയ രാഷ്ട്രീയ പ്രശ്നത്തെയാണ്. ആ രാഷ്ട്രീയ പ്രശ്നത്തെ തമസ്കരിക്കാൻ കഴിയില്ല. എനിക്കുണ്ടായ ആശങ്ക ഉന്നയിച്ചു എന്ന് മാത്രമാണ്. അത് എന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തവർ ആരും മണിപ്പൂരിലെ പ്രയാസപ്പെടുന്ന ജനതയുടെ കാര്യം ഉന്നയിച്ചിട്ടില്ല. ആരെയാണ് ഇവർ ഭയപ്പെടുന്നത്. നമ്മുടെ രാജ്യത്ത് എല്ലാവർക്കും സ്വതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയണ്ടേ? മണിപ്പൂർ പ്രശ്നത്തിൽ പ്രതിപക്ഷ നേതാവിന്‍റെ നിലപാട് വ്യക്തമാക്കണം. ഈ പ്രശ്നത്തിൽ കേരളത്തിലെ കോൺഗ്രസ് ഒരക്ഷരം ബി.ജെ.പിക്കെതിരെ മിണ്ടിയോ എന്നും അദ്ദേഹം ചോദിച്ചു.
സജി ചെറിയാന്റെ ബിഷപ്പുമാർക്കെതിരേയുള്ള പരാമർശത്തിൽ അതൃപ്തി ഉണ്ടെങ്കിൽ പാർട്ടി പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് സജി ചെറിയാൻ വാർത്താ സമ്മേളനം നടത്തിയത്.
സജി ചെറിയാൻ ബിഷപ്പുമാർക്കെതിരായ പ്രസ്താവന പിൻവലിക്കുന്നത് വരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സി അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞിരുന്നു.
ഇന്ന് ദീപിക പത്രത്തിന്‍റെ എഡിറ്റോറിയലിലും രൂക്ഷ വിമർശനമാണ് സജി ചെറിയാനെതിരെ നടത്തിയിരുന്നത്. കേരള മുഖ്യമന്ത്രി നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാതയോഗങ്ങളിലും വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാർ പങ്കെടുത്തിരുന്നെന്നും അതു കണ്ട് സജി ചെറിയാനു രോമാഞ്ചമുണ്ടായോ എന്നാണ് ‘രാഷ്ട്രീയക്കളികളിൽ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം?’ എന്ന തലക്കെട്ടിലെ എഡിറ്റോറിയലിൽ ചോദിച്ചത്. പാർട്ടി അണികളുടെ കൈയടി നേടാൻ വായിൽ തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന ചരിത്രമുള്ളയാളാണ് സജി ചെറിയാനെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിലെ ഏറ്റവും സംസ്‌കാരമില്ലാത്തയാളാണ് സാംസ്‌കാരിക മന്ത്രിയെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് സജി ചെറിയാനെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചത്. ഇത്തരത്തിലുള്ള ഒരാളെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പൊതുനയത്തിന്റെ ഭാഗമാണെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.