തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്റെ കരട് രേഖ തയാറായതായി മന്ത്രി സജി ചെറിയാൻ. നിയമം എത്രയും വേഗം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. അടൂർ ഗോപാലകൃഷ്ണൻ, ഹേമ കമ്മിറ്റി റിപ്പോർട്ടുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ കരട് രേഖ തയ്യാറാക്കിയത്.
കഴിഞ്ഞ മാർച്ച് 17നാണ് സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. വിമൻ ഇൻ സിനിമാ കലക്ടീവ് നൽകിയ ഹരജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ മൂടിവെക്കുകയാണെന്ന് ആരോപിച്ച് വിമൻ ഇൻ സിനിമ കലക്ടീവ് അടക്കം പലരും രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഉടൻ പുറത്തുവിടാനാകില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞിരുന്നു. സ്ത്രീകളുടെ വ്യക്തിപരമായ വിവരങ്ങളും ദുരനുഭവങ്ങളും ഉള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടാനാവില്ലെന്നാണ് മന്ത്രിയുടെ നിലപാട്.