തിരുവനന്തപുരം : അപ്രതീക്ഷിത വിവാദവും തുടർന്നുള്ള രാജിയും , കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് സജി ചെറിയാന്റെ മന്ത്രി സ്ഥാനം തെറിച്ചത്. മിനിയാന്ന് സജി ചെറിയാൻ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾ നടക്കുന്നതിനിടെയാണ് വിവാദ പ്രസംഗം പുറത്തായത്. പ്രതിപക്ഷം മറുപടി പ്രസംഗം ബഹിഷ്കരിച്ചതോടെ വിശദീകരണം നൽകാൻ മന്ത്രി നിർബന്ധിതനായി.
മാപ്പും ഖേദവും പറഞ്ഞെങ്കിലും പ്രസംഗം വളച്ചൊടിച്ചതാണെന്ന നിലപാട് ആദ്യം വന്നത് നിയമസഭയിൽ തന്ന. എന്നാൽ ആ വിശദീകരണത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. സംഭവ ബഹുലവും നാടകീയവുമായ മണിക്കൂറുകൾക്കടുവിൽ രാജി വച്ച് ഒഴിയേണ്ടി വന്നു.
ഒരു ദിവസം ഇരുട്ടി വെളുത്തപ്പോൾ മന്ത്രിയല്ലാതായി മാറിയ സജി ചെറിയാൻ തന്നെ ആയിരുന്നു നിയമസഭയിലെ ഇന്നത്തെ ശ്രദ്ധാ കേന്ദ്രവും. രാവിലെ ഒരു കുഴപ്പവും ഇല്ല സ്ട്രോങാണെന്ന് പറഞ്ഞ് സഭയിലേക്ക് എത്തിയപ്പോൾ ഇരിപ്പിടം മാറി. കെകെ ശൈലജക്ക് അടുത്ത് രണ്ടാം നിരയിലാണ് പുതിയ ഇരിപ്പിടം.
വകുപ്പുകൾ തൽക്കാലം മുഖ്യമന്ത്രിയുടെ കൈവശമിരിക്കും. സജി ചെറിയാൻ കയറി വന്നപ്പോഴേ സഭാംഗങ്ങൾ പലരും അദ്ദേഹത്തെ ശ്രദ്ധിച്ചു. മന്ത്രിമാരടക്കം അടുത്ത് പോയി കുശലം ചോദിക്കുന്നതും കാണാമായിരുന്നു