തിരുവനന്തപുരം: മുൻ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരമാർശത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കം. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് പരാതിക്കാരന്‍ അഡ്വ. ബൈജു നോയൽ ആരോപിച്ചു.
വിവാദ പ്രസംഗത്തിന്റെ വിഡിയോ തെളിവ് പൊലീസിൽ ഹാജരാക്കിയതാണ്. എന്നിട്ടും തെളിവില്ലെന്ന് പറയുന്നത് പൊലീസിന്റെ നിഷ്ക്രിയത്വമാണെന്നും അഡ്വ. ബൈജു പറഞ്ഞു.
വിവാദമായ ഈ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. പ്രസംഗത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ കേസിൽ അന്വേഷണം നടത്തി ഒരു റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പൊലീസ് നോട്ടീസ് നൽകും.
ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം സംഘടിപ്പിച്ച പരിപാടിയിൽ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. സി.പി.എം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു വിവാദ പരാമർശം.