തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വാശിപിടിക്കുന്നത് എന്തിനെന്നും മന്ത്രി. മറ്റന്നാള്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് ഡബ്ല്യൂസിസി പ്രതിനിധികളെയും വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞിരുന്നു. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് ഡബ്ല്യൂസിസി ആവശ്യപ്പെട്ടത്. രഹസ്യാത്മകമായി സൂക്ഷിക്കും എന്നറിഞ്ഞാണ് കമ്മിറ്റിക്ക് മൊഴികള്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ,ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് നിലപാടെന്ന് ഡബ്ല്യൂസിസി അറിയിക്കുകയായിരുന്നു. മന്ത്രിക്ക് തെറ്റിദ്ധാരണ ഉണ്ടായെന്നാണ് കരുതുന്നതെന്നും ദീദി ദാമോദരന്‍ പറഞ്ഞു.ഡബ്ല്യൂസിസി രേഖാമൂലം സര്‍ക്കാരിന് നല്‍കിയ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തുവരുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. രഹസ്യസ്വഭാവമുളള മൊഴികള്‍ മാത്രമല്ല നല്‍കിയിട്ടുളളതെന്നും ദീദി ദാമോദരന്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ ആകില്ലെന്ന് പറഞ്ഞ് മന്ത്രി സജി ചെറിയാനും രംഗത്തെത്തിയത്.