കോട്ടയം: യുഡിഎഫിലേക്ക് തിരിച്ചു പോകില്ലെന്ന സൂചന നൽകി കോട്ടയം ജില്ല യുഡിഎഫ് ചെയര്മാന് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ ദുരന്തമാകുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പ്രശ്നങ്ങൾ തിരുവഞ്ചൂരടക്കം കോൺഗ്രസിലെ പ്രധാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നും സജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോസ് കെ മാണിയുടെ നല്ല വാക്കുകളിൽ അഭിമാനിക്കുന്നു എന്നും സജി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കവും പാളിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിക്കാൻ തയാറാകാത്തതാണ് പ്രശ്നം.