തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ നിയമസഭയിൽ വിശദീകരണവുമായി സജി ചെറിയാൻ എംഎൽഎ. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താൻ. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കൽ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാൻ വിശദീകരണം നടത്തിയത്.
അംബേദ്‌കറെ പ്രസംഗത്തില്‍ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദുഖം ഉണ്ട്. അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. ധാർമ്മികത ഉയർത്തിപ്പിടിച്ചായിരുന്നു തന്‍റെ രാജിയെന്നും സജി ചെറിയാൻ വിശദീകരിച്ചു.
ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം കൂടുന്നത് പറഞ്ഞു. മൗലിക അവകാശങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ പ്രസംഗത്തിലുണ്ട്. മൗലിക അവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ഉള്ളടക്കം. സ്വതന്ത്ര ഭാരതത്തിൽ ഭരണഘടനാ തത്വങ്ങൾ പാലിക്കന്നതിൽ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. ഭരണഘടന ഉയർത്തിപിടിക്കുന്ന തത്വങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഉന്നയിച്ചു. താൻ നിർവഹിച്ചത് പൊതു പ്രവർത്തകന്‍റെ കടമയാണ്. പറഞ്ഞതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദം സഭയിൽ പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.