ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളില്‍ വമ്പൻ പ്രഖ്യാപനവുമായി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളിലെ അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുകയാണെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്. ഇന്ന് വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് മമതാ ബാനര്‍ജിയുടെ ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ പത്തിനാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
എന്തായിരിക്കും പ്രഖ്യാപനമെന്ന് മമതാ ബാനര്‍ജി ഇന്നലെ പറഞ്ഞിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിൽ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായുള്ള മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം. അങ്കണവാടി വര്‍ക്കര്‍മാരുടെയും ആശാ വര്‍ക്കര്‍മാരുടെയും ശമ്പള വര്‍ധനവ് പശ്ചിമ ബംഗാളില്‍ ഏപ്രില്‍ ഒന്ന് മുതലായിരിക്കും പ്രാബല്യത്തിലാകുക.
അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ നിലവിലുള്ള ശമ്പളത്തില്‍നിന്ന് 750 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതിനുപുറമെ അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരുടെ ശമ്പളം 500 രൂപ വര്‍ധിപ്പിച്ച് ആറായിരമായി. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ത്രീ വോട്ടർമാരുടെ പിന്തുണ ഉറപ്പിക്കുക ലക്ഷ്യമിട്ട് കൂടിയാണ് തൃണമൂലിന്‍റെ ഈ നീക്കം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബാരാസാത്തില്‍ വനിത റാലിയില്‍ പങ്കെടുക്കാനിരിക്കെയാണ് മമത ബാനർജി പ്രഖ്യാപനം നടത്തിയതെന്നതാണ് ശ്രദ്ധേയം.