തിരുവനന്തപുരം> ആശുപത്രി മേഖലയിൽ നടത്തിയ പരിശോധനയിൽ 1810 നിയമലംഘനം കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ. സംസ്ഥാനവ്യാപകമായി നാലുദിവസം 110 ആശുപത്രിയാണ് പരിശോധിച്ചത്. ജീവനക്കാരായ 34235 പേരിൽ 628 പേർക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി.
കൂടാതെ 1182 മറ്റ് നിയമലംഘനങ്ങളും കണ്ടെത്തി. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.
കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ് നിയമം എന്നീ തൊഴിൽനിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.