ദോഹ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ അങ്കത്തിൽ അർജൻറീനയെ ഞെട്ടിച്ച കളി മികവുമായി ആരാധക മനസ്സിൽ ഇടം പിടിച്ച സൗദി അറേബ്യയുടെ സാലിം അൽ ദൗസരിക്ക് വൻകരയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം. ദോഹ ക്യൂ.എൻ.സി.സിയിൽ നടന്ന എ.എഫ്.സി വാർഷിക അവാർഡ് പ്രഖ്യാപന ചടങ്ങിലാണ് ആസ്ട്രേലിയയുടെ മാത്യൂ ലെകിയെയും ഖത്തറിന്‍റെ അൽ മുഈസ് അലിയെയും പിന്തള്ളി സലിം അൽ ദൗസരി മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്. അൽ ഹിലാലിന്‍റെ മധ്യനിരയിലും ശ്രദ്ധേയ പ്രകടനമായിരുന്നു താരം കഴിഞ്ഞ സീസണുകളിൽ പുറത്തെടുത്തത്.
ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ആസ്ത്രേലിയയുടെ സാമന്ത ഖേർ സ്വന്തമാക്കി. ആസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന ഗോൾസ്കോററും, ചെൽസിയുടെ താരവുമായി പുറത്തെടുത്ത മികവിനുള്ള അംഗീകാരമാണ് വൻകരയുടെ മികച്ച വനിതാ താരം എന്ന അംഗീകാരം. മികച്ച കോച്ചിനുള്ള പുരസ്കാരം ജപ്പാന്‍റെ ഹജിമെ മൊരിയാസു സ്വന്തമാക്കി. ലോകകപ്പിലേതുൾപ്പെടെ ജപ്പാൻ ദേശീയ ടീമിനെ വാർത്തെടുത്തതിനുള്ള അംഗീകാരമായാണ് ഹജിമെയെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്.
മികച്ച വനിതാ കോച്ചായി ചൈനയുടെ ഷുയി ക്വിൻസിയെ തെരഞ്ഞെടുത്തു. ചൈനയെ ആദ്യമായി ഏഷ്യൻ വനിതാ കിരീട നേട്ടത്തിലേക്ക് നയിച്ചതിനുള്ള അംഗീകാരമാണ് മികച്ച കോച്ചിനുള്ള പുരസ്കാരം.