ദില്ലി: ഈദ് റിലീസ് ആയി എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം കിസീ കാ ഭായ് കിസീ കി ജാന്‍ ബോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചിത്രമാണ്. മുന്‍ വിജയങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ പിന്നിലാണെങ്കിലും ഭേദപ്പെട്ട ഓപണിംഗ് ആയിരുന്നു ചിത്രം നേടിയത്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു ഹിന്ദി ചാനല്‍ പരിപാടിയില്‍ എത്തിയ സല്‍മാന്‍ തന്‍റെ ചില ജീവിത അനുഭവങ്ങള്‍ കൂടിയാണ് വെളിപ്പെടുത്തിയത് ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്.
സ്ത്രീകളുമായുള്ള ബന്ധത്തില്‍ സല്‍മാന്‍ കാണിക്കാത്ത ആത്മാര്‍ത്ഥതയാണ് അവതാരകനായ മാധ്യമ പ്രവര്‍ത്തകന്‍ രജത് ശര്‍മ്മ ഉന്നയിച്ചത്. ‘മൂവ് ഓണ്‍’ എന്ന നിലയില്‍ സല്‍മാന്‍ കിസീ കാ ഭായ് കിസീ കി ജാന്‍ ട്രെയിലര്‍ ലോഞ്ചില്‍ നടത്തിയ പരാമര്‍ശം പ്രേമ ബന്ധങ്ങളുടെ കാര്യത്തിലും ശരിയാണോ എന്നാണ് ചോദ്യം വന്നത്. പ്രേമത്തിന്‍റെ കാര്യത്തില്‍ ഞാനൊരു നിര്‍ഭാഗ്യവനാണെന്നാണ് സല്‍മാന്‍ ഇതിന് നല്‍കിയ മറുപടി.
ഈ പരിപാടിയില്‍ മറ്റൊരിടത്ത് ” ഇപ്പോഴത്തെ നിങ്ങളുടെ ജാൻ (പ്രിയപ്പെട്ടവള്‍) ആരാണ്? നിങ്ങൾ ആരോടാണ് കമ്മിറ്റ് ആയിട്ടുള്ളത്? ” എന്നാണ് അവതാരകന്‍ ചോദിക്കുന്നത്. “സർ, ഞാൻ ഇപ്പോള്‍ വെറും ഭായിയാണ് (സഹോദരന്‍).” ഇത് കാണികളെ വല്ലാതെ ചിരിപ്പിക്കുന്നുണ്ട്. ഇതേ സമയം സല്‍മാന്‍ “ഞാൻ ആഗ്രഹിച്ചയാൾ എന്നെ ജാൻ എന്ന് വിളിക്കണം എന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അവളും എന്നെ ഭായ് എന്ന് വിളിക്കുന്നു. ഞാൻ എന്തുചെയ്യും?” എന്ന് സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം ലോകമെമ്പാടുമായി 5700 ല്‍ അധികം സ്ക്രീനുകളിലാണ് കിസീ കാ ഭായ് കിസീ കി ജാന്‍ വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ടത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്.