ഉത്തരാഖണ്ഡ്: ഫോണിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയെ കണ്ടിട്ടും ഫോൺ സംഭാഷണം തുടർന്ന കോട്ദ്വാർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്‌പി) ശേഖർ സുയാലിനെതിരെയാണ് നടപടി. മുഖ്യമന്ത്രിയെ അവഗണിച്ച് ഉദ്യോഗസ്ഥൻ ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഓഗസ്റ്റ് 11 നായിരുന്നു സംഭവം. സംസ്ഥാനത്തെ കനത്ത മഴയിൽ ജില്ലയിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ എത്തിയിരുന്നു മുഖ്യമന്ത്രി. ഹരിദ്വാറിൽ നിന്ന് ഹെലികോപ്റ്റർ മാർഗമായിരുന്നു പുഷ്കർ സിംഗ് ധാമി കോട്ദ്വാറിൽ എത്തിയത്. ഗ്രസ്താൻഗഞ്ച് ഹെലിപാഡിലെത്തിയ മുഖ്യമന്ത്രിയെ പ്രാദേശിക ഭരണകൂടം സ്വീകരിച്ചു. കോട്ദ്വാർ അഡീഷണൽ പൊലീസ് സൂപ്രണ്ട് ശേഖറും സ്ഥലത്തുണ്ടായിരുന്നു.
ഫോണിൽ സംസാരിക്കുകയായിരുന്ന ശേഖർ, ഒരു കൈകൊണ്ട് ഫോൺ ചെവിയിൽ പിടിച്ച് മറുകൈകൊണ്ട് മുഖ്യമന്ത്രിക്ക് സല്യൂട്ട് നൽകി. ഇതാണ് നടപടിക്കിടയാക്കിയത്. നരേന്ദ്ര നഗറിലെ പൊലീസ് പരിശീലന കേന്ദ്രത്തിലേക്കാണ് ശേഖറിനെ മാറ്റിയത്. ശേഖറിന് പകരമായി ജയ് ബലൂനിയെ കോട്ദ്വാറിലെ പുതിയ അഡീഷണൽ പൊലീസ് സൂപ്രണ്ടായി നിയമിച്ചു.