ലക്നൗ : ഉത്തര്‍പ്രദേശിൽ പ്രതിപക്ഷ പാര്‍ട്ടി നേതാവിന്റെ കാര്‍ ഇടിച്ചിട്ട് ട്രക്ക്. വാഹനം ഇടിച്ചതിന് പിന്നാലെ ട്രക്ക് വാഹനം തള്ളി നീക്കിയത് 500 മീറ്റര്‍. സമാജ്‍വാദി പാര്‍ട്ടി നേതാവ് ദേവേന്ദ്ര സിംഗ് യാദവിന്റെ കാറിലാണ് ട്രക്ക് ഇടിച്ചത്. ഉത്തര്‍പ്രദേശിലെ മെയിൻപുരിയിലാണ് അപകടം നടന്നത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഗുരുതരമായ പരിക്കുകളൊന്നുമില്ലാതെ യാദവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ട്രക്ക് നിര്‍ത്തുന്നതിന് മുമ്പ് 500 മീറ്റര്‍ ദൂരം കാര്‍ ഇടിച്ചുകൊണ്ടുപോയി. വാഹനം നിര്‍ത്തിയതോടെ റോഡിലുണ്ടായിരുന്നവര്‍ ഓടിക്കൂടി സമാജ്‍വാദി നേതാവിനെ രക്ഷിക്കാൻ ശ്രമം തടുങ്ങി. യാദവ് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോൾ യാദവ് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
സമാജ്‍വാദി പാര്‍ട്ടിയുടെ മെയ്പുരിയിലെ ജില്ലാ പ്രസിഡന്റാണ് യാദവ്. യാദവിന്റെ പരാതിയിൽ ഇതാവയിൽ നിന്നുള്ള ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും മെയിൻപുരി സൂപ്രണ്ട് ഓഫ് പൊലീസ് കമലേഷ് ദീക്ഷിത് പറഞ്ഞു.