തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലിന്റെ ആത്മകഥ ‘പച്ച കലർന്ന ചുവപ്പി’ന്റെ പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നിർത്തി. ‘ കെ ടി ജലീല്‍ ജീവിതം എഴുതുന്നു’ എന്ന ടാഗ് ലൈനോടെ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന പംക്തി 21 ലക്കങ്ങള്‍ പിന്നിടുമ്പോഴാണ് അപ്രതീക്ഷിതമായി നിര്‍ത്തുന്നത്. ഈ ലക്കം പുറത്തിറിങ്ങിയ വാരികയിലാണ് പംക്തി നിര്‍ത്തുന്നതായി പത്രാധിപ സമിതി അറിയിച്ചത്.
ചില അവിചാരിത കാരണങ്ങളാൽ പ്രസിദ്ധീകരണം നിർത്തുന്നു എന്നാണ് പത്രാധിപസമിതി അറിയിച്ചിരിക്കുന്നത്. തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളായിരുന്നു ‘പച്ച കലർന്ന ചുവപ്പി’ലൂടെ ജലീല്‍ വായനക്കാരുമായി പങ്കുവച്ചിരുത്. മുസ്ലിം ലീഗിൽ നിന്നും സിപിഎമ്മിലേയ്ക്കുള്ള മാറ്റം. 2006ലെ കുറ്റിപ്പുറം തിരഞ്ഞെടുപ്പ്, ബന്ധു നിയമന വിവാദം, രാജി തുടങ്ങിയവയെല്ലാം പുസ്തകത്തിലുണ്ടാകുമെന്നും കെടി ജലീൽ പറഞ്ഞിരുന്നു.
ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുൻകാല ചരിത്രം സംബന്ധിച്ച് ചില വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ടാവുമെന്ന് കെടി ജലീല്‍ പറഞ്ഞിരുന്നു. 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പും തുടർന്നുണ്ടായ ലീഗിന്‍റെ ആക്രമണവും കുഞ്ഞാലിക്കുട്ടിയുമായി അകൽച്ചയും മുഖ്യമന്ത്രിയുമായുളള അടുപ്പത്തെക്കുറിച്ചുമെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.