മധ്യപ്രദേശ്: മധ്യപ്രദേശിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തൻ സമന്ദർ പട്ടേൽ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ സാന്നിധ്യത്തിലാണ് സമന്ദർ കോൺഗ്രസിൽ ചേർന്നത്. വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലെ പിസിസി ഓഫീസിൽ തന്റെ അനുയായികൾക്കൊപ്പമാണ് സമന്ദർ പട്ടേൽ എത്തിയത്. അനുയായികളുമായി 800-ലധികം വാഹനങ്ങളുടെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് തന്റെ ജന്മനാടായ നീമച്ചിലെ ജവാദിൽ നിന്ന് സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലെ പാർട്ടി ഓഫീസിലേക്ക് സമന്ദർ എത്തിയത്.
നിരുബാധികമായാണ് സമന്ദർ പാർട്ടിയിലേക്ക് തിരിച്ചെത്തിയതെന്നും സത്യമാണ് അദ്ദേഹത്തെ കോൺഗ്രസിലേക്ക് എത്തിച്ചതെന്നും കമൽനാഥ് പറഞ്ഞു. 2018-ൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചത് തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷമാണ്. എന്നാൽ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ രൂപീകരിച്ചത് കുതിരക്കച്ചവടത്തിലൂടെയാണെന്നും 18 വർഷമായി ബിജെപി സർക്കാർ അധികാരത്തിലിരുന്നെങ്കിലും അഴിമതിയും കുംഭകോണത്തിലും അഴിമതിയിലും മാത്രമാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസിലേക്ക് മടങ്ങിവരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സമന്ദർ പട്ടേൽ പറഞ്ഞു. സിന്ധ്യയുടെ വിശ്വസ്തർ നേരത്തെയും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. നേരത്തെ ബൈജ്‌നാഥ് സിംഗ് യാദവ് തന്റെ നിരവധി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. രാകേഷ് ഗുപ്തയും ബിജെപി വിട്ട് കോൺഗ്രസിലെത്തി. മധ്യപ്രദേശിൽ ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.