ബെംഗളൂരു: തെന്നിന്ത്യൻ താരങ്ങളായ സാമന്ത-നാഗചൈതന്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാമന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി കെടിആർ. കൊണ്ട സുരേഖക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസയക്കുകയായിരുന്നു കെടിആർ. പരാമർശങ്ങളിൽ മാപ്പ് പറയണമെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമനടപടികളിലേക്ക് കടക്കുമെന്നും കെടിആർ അറിയിച്ചു. നാഗചൈതന്യയും സമാന്ത റൂത്ത് പ്രഭുവും പിരിയാൻ കാരണം ബിആർഎസ് നേതാവ് കെടിആറെന്നാണ് മന്ത്രിയുടെ പരാമർശം.
കെടിആർ വീട്ടിൽ ലഹരിപാർട്ടികൾ നടത്തുമായിരുന്നു. ഇതിലേക്ക് സമാന്തയെ അയക്കാൻ കെടിആർ നാഗാർജുനയോട് പറഞ്ഞുവെന്നും കൊണ്ട സുരേഖ ആരോപിച്ചു. ഇല്ലെങ്കിൽ നാഗാർജുനയുടെ എൻ കൺവെൻഷൻ സെന്‍റർ പൊളിക്കുന്നതുമായി മുന്നോട്ട് പോകുമെന്നും ഭീഷണി മുഴക്കി. നാഗാർജുന നാഗചൈതന്യയോട് സമാന്തയെ കെടിആറിന്‍റെ വീട്ടിലേക്ക് വിടാൻ പറഞ്ഞു. ഇതിന് സമാന്ത വിസമ്മതിച്ചുവെന്നും ഇതാണ് നാഗചൈതന്യയും സമാന്തയും പിരിയാൻ കാരണമെന്ന് കൊണ്ട സുരേഖ ആരോപിച്ചു.എന്നാൽ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരണവുമായി നടി സമാന്ത രംഗത്തെത്തി. ശക്തമായ ഭാഷയിലാണ് സമാന്ത പ്രതികരിച്ചത്. രാഷ്ട്രീയലാഭങ്ങൾക്ക് വേണ്ടി തന്നെ കരുവാക്കരുതെന്ന് കൊണ്ട സുരേഖയോട് സമാന്ത പറഞ്ഞു. വേർപിരിയൽ തീർത്തും വ്യക്തിപരമാണെന്നും അതിൽ അനാവശ്യവായനകൾ നടത്തരുതെന്നും സമാന്ത പറഞ്ഞു.
പരസ്പരസമ്മതത്തോടെ വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിഞ്ഞതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും സ്ത്രീകളെ വസ്തുക്കൾ മാത്രമായി കാണുന്ന സിനിമയിൽ പോരാടി ജീവിക്കുകയാണെന്നും സമാന്ത പറഞ്ഞു. അങ്ങനെയുള്ള തന്‍റെ ജീവിതത്തെ ചെറുതാക്കിക്കളയരുത്. മന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തം കാണിക്കണമെന്നും സമാന്ത പോസ്റ്റിൽ വ്യക്തമാക്കി.പരാമർശം പിൻവലിക്കണമെന്ന് നാഗാർജുന അക്കിനേനി ആവശ്യപ്പെട്ടു. രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത മനുഷ്യരെക്കുറിച്ച് അനാവശ്യം പറയരുതെന്ന് നാഗാർജുന വ്യക്തമാക്കി.അവനവന്‍റെ രാഷ്ട്രീയലാഭത്തിന് വേണ്ടി സിനിമാതാരങ്ങളെ കരുവാക്കരുത്. അടിയന്തരമായി പ്രസ്താവന പിൻവലിക്കണമെന്നും നാഗാർജുന ‘എക്സിലെ’ കുറിപ്പിൽ വ്യക്തമാക്കി.