മലപ്പുറം: സമസ്ത-ലീഗ് തർക്കത്തിൽ പ്രസ്താവന വേണ്ടെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകിയതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്ത-ലീഗ് തർക്കത്തിൽ സാദിഖലി തങ്ങളും ജിഫ്രി തങ്ങളും അന്തിമമായി കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.ഇരുവരും കാര്യങ്ങൾ പറഞ്ഞാൽ തുടർന്ന് പ്രസ്താവന നടത്താതെ ഇരിക്കുന്നതാണ് ലീഗിന്‍റെ രീതി. അത് എല്ലാവരും പാലിക്കണം. പരസ്യ പ്രസ്താവന നടത്തരുതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനോടും നിർദേശിച്ചതായി കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
അതേസമയം, എസ്.കെ.എസ്.എസ്.എഫ് അധ്യക്ഷൻ ഹമീദലി തങ്ങൾക്കെതിരായ പി.എം.എ സലാമിന്‍റെ പരാമർശം വിവാദത്തിലായി. സാദിഖലി തങ്ങൾ എസ്.കെ.എസ്.എസ്.എഫ് അധ്യക്ഷനായിരുന്ന കാലത്തെ പ്രാധാന്യം നിലവിലെ അധ്യക്ഷൻ ഹമീദലി തങ്ങൾക്കില്ലെന്നായിരുന്നു സലാമിന്‍റെ പരാമർശം.പരാമർശത്തിനെതിരെ ലീഗിൽ വിമർശനം ഉയർന്നതോടെ അനുനയ നീക്കവുമായി സലാം രംഗത്തെത്തി. ഹമീദലി തങ്ങളുമായി ഫോണിൽ സംസാരിച്ച സലാം, തന്‍റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് വിശദീകരിച്ചു. താൻ ഉദ്ദേശിച്ച കാര്യങ്ങളല്ല വാർത്തയായി വന്നതെന്നും തങ്ങൾക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും സലാം വ്യക്തമാക്കി.