മലപ്പുറം: റമദാൻ അവധി കഴിഞ്ഞ് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മദ്റസകൾ ഞായറാഴ്ച തുറക്കും. 10,601 മദ്റസകളിൽ വിപുലമായ പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വർഷത്തിന് തുടക്കംകുറിക്കുന്നത്. 12 ലക്ഷം കുട്ടികളാണ് കേരളത്തിനകത്തും പുറത്തുമായി മദ്റസയിൽ എത്തുന്നത്.
സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി ദേശീയതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികൾക്കുകൂടി ഈ അധ്യയന വർഷം തുടക്കംകുറിക്കുകയാണ്. ആവശ്യമായ പാഠപുസ്തകങ്ങളും പാരായണ നിയമങ്ങൾ അടയാളപ്പെടുത്തി പ്രത്യേകം തയാറാക്കിയ ഖുർആനും പ്രത്യേക രീതിയിൽ തയാറാക്കിയ നോട്ട്ബുക്കുകളും കോഴിക്കോട്ടുള്ള സമസ്ത ബുക്ക് ഡിപ്പോ വഴി വിതരണം ചെയ്യുന്നുണ്ട്.
പുതിയ അധ്യയന വർഷത്തിന് സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്തും ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാരും ആശംസ നേർന്നു.