കോഴിക്കോട്: സമസ്തയിൽനിന്ന് പുറത്താക്കിയ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി ജനറല്‍ സെക്രട്ടറിയായി തുടരുന്ന കാലത്തോളം കോഡിനേഷന്‍ ഇസ്‌ലാമിക് കോളജസുമായി (സി.ഐ.സി) സഹകരിക്കില്ലെന്ന് സമസ്ത. എന്നാല്‍, സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിച്ച് വാഫി, വഫിയ്യ സംവിധാനം പൂര്‍വോപരി ശക്തിപ്പെടുത്താനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. വാഫി, വഫിയ്യ സ്ഥാപനങ്ങളെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോവാന്‍ വേണ്ടത് ചെയ്യാനും പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എല്ലാഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നവംബർ ഒമ്പതിന് ചേർന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചിരുന്നു. അഹ് ലുസ്സുത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് എതിരേ പ്രചാരണം നടത്തുകയും ചെയ്തുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന്റെ തടർച്ചയായാണ് അദ്ദേഹം ജനറല്‍ സെക്രട്ടറിയായ സി.ഐ.സിയുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.