തൃശൂർ : തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടും ആനച്ചമയ പ്രദർശനവും ഞായറാഴ്ച നടക്കും. സന്ധ്യക്ക് ഏഴ് മുതൽ 8.30 വരെയാണ് സാമ്പിൾ വെടിക്കെട്ട്. ആദ്യം തിരുവമ്പാടി വിഭാഗവും തുടർന്ന് പാറമേക്കാവ് വെടിക്കെട്ടിന് തിരികൊളുത്തും. ഷൊർണൂർ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യുന്ന ആനച്ചമയ പ്രദർശനം തിങ്കളാഴ്ചയും തുടരും. ഞായറാഴ്ച രാവിലെ 10.30 മുതൽ രാത്രി 12 വരെയും തിങ്കളാഴ്ച 9.30 മുതൽ 12 വരെയുമാണ് പ്രദർശനം. പാറമേക്കാവിന്റെ ചമയ പ്രദർശനം ക്ഷേത്രം അഗ്രശാലയിൽ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചമയ ശിൽപികൾക്ക് ഉപഹാരം സമ്മാനിക്കും. രാത്രി 10 വരെയാണ് പ്രദർശനം. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ രാത്രി 12 വരെയും പ്രദർശനമുണ്ട്.