ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ്ങിന്റെ ഇന്നൊവേഷൻ ബ്രാഞ്ചായ ‘സാംസങ് നെക്സ്റ്റ്’ ഇസ്രായേലിലെ പ്രവർത്തനം അവസാനിപ്പിച്ചു. ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെത്തുടർന്ന് ഇസ്രായേൽ സമ്പദ്‌വ്യവസ്ഥ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണ് പിന്മാറ്റം.തങ്ങളുടെ റീജിയണൽ ടെക് ഹബ്ബായ തെൽ അവീവിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ജീവനക്കാരെ കമ്പനി അറിയിച്ചുകഴിഞ്ഞു. അപ്രതീക്ഷിതമായ സാഹചര്യത്തിലാണു നടപടിയെന്നാണ് കമ്പനി അധികൃതര്‍ പ്രതികരിച്ചത്. ഗസ്സയിൽ നടക്കുന്ന കൂട്ടക്കുരുതിക്കിടെ ഇസ്രായേലില്‍നിന്നു പിൻവാങ്ങുന്ന ഒടുവിലത്തെ ആഗോള കുത്തക കമ്പനിയാണ് സാംസങ് നെക്സ്റ്റ്.
ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലൂടെ സാംസങ് നെക്സ്റ്റ് മാനേജിങ് ഡയരക്ടറും വൈസ് പ്രസിഡന്റുമായ ഇയാൽ മില്ലറായിരുന്നു പ്രവർത്തനം നിർത്തുന്ന വിവരം അറിയിച്ചത്. കമ്പനിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി തെൽഅവീവിലെ ഓഫിസിൽ അത്യാവശ്യം വേണ്ട മാറ്റങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘ഈ തീരുമാനം, പ്രയാസകരമാണെങ്കിലും, 70 കമ്പനികളിലും ഇസ്രായേലി സ്റ്റാർട്ടപ്പുകളിലും നിക്ഷേപം നടത്തിയത് ഉൾപ്പെടെഏകദേശം ഒരു പതിറ്റാണ്ടായി ഞങ്ങൾ ഒരുമിച്ച് കൈവരിച്ച നേട്ടങ്ങൾ കുറച്ചുകാണാനാവില്ല. – അദ്ദേഹം കത്തിൽ പറയുന്നു. അതേസമയം, നിക്ഷേപമിറക്കിയ കമ്പനികൾക്കടക്കം സേവനം യു.എസിലെ ആസ്ഥാനത്തുനിന്ന് തുടരുമെന്നും സാംസങ് നെക്സ്റ്റ് അറിയിച്ചിട്ടുണ്ട്. കമ്പനി ഇനി നേരിട്ട് ഇസ്രായേലിൽ പ്രവർത്തിക്കില്ലെങ്കിലും നിക്ഷേപം തുടർന്നേക്കും.
സ്റ്റാർട്ട്അപ്പുകൾക്കും പുതുതായി തുടങ്ങുന്ന കമ്പനികൾക്കും സാമ്പത്തിക പിന്തുണ നൽകി ബിസിനസ് രംഗത്ത് മികവിലെത്തിക്കുകയാണ് സാംസങ് നെക്സ്റ്റ് ചെയ്യുന്നത്. ഇതിനകം നിരവധി ഇസ്രായേൽ സ്ഥാപനങ്ങളിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. കാലിഫോർണിയ ആസ്ഥാനമായുള്ള നെക്സ്റ്റിന് ദക്ഷിണ കൊറിയയിലും തെൽഅവീവിലുമാണ് ഓഫിസുകളുണ്ടായിരുന്നത്.