ശ്രീലങ്ക : ചൈനയല്ല ഇന്ത്യയാണ് ശ്രീലങ്കയുടെ യഥാർത്ഥ സുഹൃത്തുക്കളെന്ന് മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ സർക്കാർ നൽകുന്ന സഹായം വിലപ്പെട്ടതാണ്. ലങ്കയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം കുടുംബ വാഴ്ചയാണെന്നും ജയസൂര്യ 24 നോട് പറഞ്ഞു. യുവജന പ്രക്ഷോഭത്തെ രാജ്യാന്തര സമൂഹം പിന്തുണയ്ക്കണമെന്നും ശ്രീലങ്കൻ മുൻ നായകൻ ആവശ്യപ്പെട്ടു.
അതേസമയം ഒരു കാരണവശാലും പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജിവക്കില്ലെന്നും പ്രതിസന്ധി നേരിടുമെന്നും സർക്കാർ ചീഫ് വിപ്പ് ജോൺസ്റ്റൺ ഫെർണാണ്ടോ പാർലമെന്റിൽ അറിയിച്ചിരുന്നു. ഗോതാബയയുടെ രാജിയാവശ്യപ്പെട്ട് രാജ്യമെമ്പാടും തെരുവു പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പ്രസ്താവന.
പ്രസിഡന്റിന്റെ രാജിയില്ലെന്ന വാർത്തയ്ക്കു പിന്നാലെ വിപണിയിൽ ശ്രീലങ്കൻ ഓഹരികളുടെ മൂല്യമിടിഞ്ഞു. മന്ത്രിമാരുടെയും നയപരമായ തീരുമാനങ്ങളെടുക്കേണ്ടവരുടെയും രാജി രാജ്യത്ത് നയപരമായ അനിശ്ചതത്വമുണ്ടാക്കുകയും സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാക്കുകയും ചെയ്യുമെന്ന് ക്രെഡിറ്റ് റേറ്റിങ് കമ്പനിയായ മൂഡീസ് പറഞ്ഞു.