പത്തനംതിട്ട: പെരിങ്ങരയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്ന് ഒന്നാംപ്രതി ജിഷ്ണുവിന്റെ മൊഴി. യുവമോർച്ച പ്രവർത്തകനായിരുന്ന സമയത്ത് തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ജിഷ്ണുവിന്റെ നിലം നികത്തുന്നതിന് സന്ദീപ് എതിർത്തതും വൈരാഗ്യം ഉണ്ടാക്കി. പലതവണ നേരിട്ട് കാണുമ്പോൾ തർക്കിക്കുമായിരുന്നന്നെന്നും ജിഷ്ണു പോലീസിനോട് പറഞ്ഞു.
സന്ദീപിന്‍റെ കൊലപാതകത്തിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളിലും പ്രതിഷേധിച്ച് ഇന്ന് സിപിഎം എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് പരിപാടി. ആര്‍എസ്‌എസിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സന്ദീപ് വധത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരെ കണ്ടെത്താനാണ് ശ്രമം. കൊലപാതകത്തിന് ശേഷം അഞ്ചാംപ്രതിയുടേതെന്ന് സംശയിക്കുന്ന
ഫോൺ സംഭാഷണം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.