ശ്രീനഗർ: കാശ്മീരിലെ പുൽവാമയിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ പണ്ഡിറ്റ് സഞ്ജയ് കുമാർ ശർമ്മയുടെ ശവസംസ്കാര ചടങ്ങുകൾ നടത്തി അയൽക്കാരായ മുസ്ലീങ്ങൾ. പുൽവാമയിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പണ്ഡിറ്റ് സഞ്ജയ് കുമാർ ശർമ്മയെ തീവ്രവാദികൾ വെടിവെച്ചു കൊന്നത്.
പുൽവാമയിലെ ഒരേയൊരു പണ്ഡിറ്റ് കുടുംബമായിരുന്നു സഞ്ജയ് കുമാർ ശർമ്മയുടേത്. കൊല്ലപ്പെട്ടതിനു ശേഷം മരണാനന്തര ചടങ്ങുകൾ നടത്താൻ ആരുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അയൽക്കാരായ മുസ്ലീങ്ങളും സുഹൃത്തുക്കളും ചേർന്ന് പണ്ഡിറ്റ് സഞ്ജയ് കുമാറിന്റെ ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. ഞങ്ങളിൽ ഒരാളായിരുന്നു സഞ്ജയ് കുമാർ. ഞങ്ങളൊരിക്കലും അന്യനായി കണ്ടിട്ടില്ല. മൃതദേഹം ചുമക്കാൻ മുന്നിലുണ്ടായിരുന്ന മുദസിർ അഹമ്മദ് പറഞ്ഞു.
മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിക്കാൻ പോകുമ്പോഴാണ് പണ്ഡിറ്റിന് വെടിയേൽക്കുന്നത്. നേരത്തെ ഭാര്യയും സഹോദരനും നഷ്ടപ്പെട്ട സഞ്ജയ് കുമാർ ശർമ്മ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. വർഷങ്ങളോളമുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. സംഭവം കേട്ടയുടനെ ഞങ്ങൾ അവരുടെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. സഞ്ജയിന് വേണ്ട സഹായങ്ങളെല്ലാം മുസ്ലീം കുടുംബങ്ങൾ തന്നെയാണ് നൽകിയിരുന്നതെന്നും അവർക്കിടയിൽ മതപരമായ വേർതിരിവുകൾ ഉണ്ടായിരുന്നില്ലെന്നും സഞ്ജയ് കുമാർ വർമ്മയുടെ ബന്ധുക്കൾ പറയുന്നു. സംസ്കാരത്തിന് വേണ്ട എല്ലാ സഹായവും മുസ്ലീങ്ങളാണ് പുരോഹിതന് ചെയ്തു നൽകിയതെന്ന് അവർ വ്യക്തമാക്കി.
ശവസംസ്കാര ചടങ്ങുകൾക്കിടയിൽ പ്രദേശത്ത് വലിയ പൊലീസ് സന്നാഹമുണ്ടായിരുന്നു. ജമ്മുകാശ്മീർ എഡിജിപി വിജയ് കുമാർ സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ പരിശോധിക്കുകയും ചെയ്തു. പ്രദേശത്ത് തീവ്രവാദികളെ നേരിടാൻ ശക്തമായ നടപടിയെടുക്കുമെന്ന് എഡിജിപി വ്യക്തമാക്കി. കൂടാതെ ജില്ലയിൽ രഹസ്യാന്വേഷണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജയ് കുമാറിന്റെ മരണത്തിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അപലപിച്ച് രംഗത്തെത്തിയിരുന്നു. തീവ്രവാദത്തെ നേരിടാൻ എല്ലാ സ്വാതന്ത്ര്യവും സൈന്യത്തിന് നൽകിയിട്ടുണ്ടെന്നും തീവ്രവാദം നേരിടാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മനോജ് സിൻഹ വ്യക്തമാക്കിയിരുന്നു.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശർമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സംഭവത്തിൽ പ്രതിഷേധമറിയിച്ച് കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി രംഗത്തെത്തിയിരുന്നു. കശ്‍മീരി പണ്ഡിറ്റുകൾക്ക് നേരെയുള്ള ആക്രമണം ആവർത്തിക്കുന്നതിൽ ജമ്മുകശ്മീർ ലെഫ് ഗവർണർ മനോജ് സിൻഹയെ സമിതി വിമർശിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കർഷകനായ മറ്റൊരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടിരുന്നു.