മുംബൈ: ഗാന്ധി കുടുംബത്തിന് ചുറ്റും കൂടിനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി രാഷ്ട്രീയം കളിക്കുന്നവർ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പാർട്ടി മുഖപത്രമായ ‘സാമ്ന’യിലെ തന്റെ പ്രതിവാര കോളത്തിലാണ് റാവത്ത് ഇക്കാര്യം തുറന്നടിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആധികാരികതയെയും റാവത്ത് തന്റെ കോളത്തിൽ ചോദ്യം ചെയ്തു.
‘മധ്യപ്രദേശിൽ വോട്ടെണ്ണിയപ്പോൾ ബാലറ്റ് പേപ്പറിൽ (പോസ്റ്റൽ വോട്ടിൽ) 199 സീറ്റിലും കോൺഗ്രസ് മുന്നിലായിരുന്നു. എന്നാൽ, വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണിയപ്പോൾ അതു മാറിമറിഞ്ഞു’-റാവത്ത് ചൂണ്ടിക്കാട്ടി.
‘ഗാന്ധി കുടുംബത്തിന് ചുറ്റും കൂടിനിന്ന് മോദിക്കും അമിത് ഷാക്കും അനുകൂലമായി രാഷ്ട്രീയം കളിക്കുകയാണ് ചിലർ. അത് തുടർന്നാൽ, 2024ൽ അത് അപകടകരമാകും’ -മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥ് ഉൾപ്പെടെയുള്ള ചിലരെ പരോക്ഷമായി സൂചിപ്പിച്ച് റാവത്ത് കുറിച്ചു.
‘കോൺഗ്രസിന് മോദിയെ തോൽപിക്കാൻ കഴിയില്ല എന്നത് വെറുമൊരു മിത്താണ്. 2018ൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ബി.ജെ.പിയെ തോൽപിച്ചിരുന്നല്ലോ. ഇക്കുറി മൂന്നു സംസ്ഥാനങ്ങളിൽ മോദി മാജിക് ഫലം കണ്ടെന്നാണ് ബി.ജെ.പി പറയുന്നത്. അങ്ങനെയൊരു മാജിക് ഉണ്ടെങ്കിൽ അതെന്തുകൊണ്ടാണ് തെലങ്കാനയിൽ ഫലിക്കാതെ പോയത്?’ -രാജ്യസഭാംഗം കൂടിയായ റാവത്ത് ചോദിച്ചു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും അശോക് ഗെഹ്ലോട്ടും ഭൂപേഷ് ബാഗേലും മികച്ച പോരാട്ടം കാഴ്ചവെച്ചിട്ടും കോൺഗ്രസിന് ജയിക്കാൻ കഴിയാതെ പോയെന്നും റാവത്ത് വിലയിരുത്തി.