കൊച്ചി: യുണീടാക് എംഡി സന്തോഷ് ഈപ്പനെ ഇഡി അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍കേസിലാണ് സന്തോഷ് ഈപ്പന്‍ അറസ്റ്റിലായിരിക്കുന്നത്. യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് നാലുകോടിയോളം രൂപ കോഴ നല്‍കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് ഇഡി കേസെടുത്തത്. പി.എസ് സരിത്തും സ്വപ്ന സുരേഷും മൂന്നും നാലും പ്രതികളാണ്. എം ശിവശങ്കര്‍ ഏഴാം പ്രതിയാണ്. കേസില്‍ ശിവശങ്കറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം സന്തോഷ് ഈപ്പന്‍ ആറ് കോടി രൂപ കോഴയായി നല്‍കിയെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിക്കായി യുഎഇ എന്‍ജിഒ റെഡ് ക്രസന്റ് നല്‍കിയ 18.5 കോടി രൂപയില്‍ നിന്ന് 4.4 കോടി രൂപയോളം സന്തോഷ് ഈപ്പന്‍ കമ്മീഷനായി തട്ടിയെടുത്തു എന്നാണ് ആരോപണം.