കണ്ണൂർ > പൊതു വിദ്യാഭ്യാസവും ആരോഗ്യവുമുൾപ്പെടെയുള്ള രംഗങ്ങളിൽ കേരളത്തെ വെല്ലാൻ മറ്റൊരു സംസ്ഥാനവുമില്ലെന്ന് നടൻ സന്തോഷ് കീഴാറ്റൂർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് കീഴാറ്റൂർ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞത്. സംസ്ഥാനത്തെ മികച്ച ഗ്രാമീണ റോഡുകളെപ്പറ്റിയും കേരള സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടും കഴിഞ്ഞ ദിവസം നടൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനു നേരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇതിൽ പ്രതികരണവുമായാണ് സന്തോഷ് രംഗത്തെത്തിയത്.കേരളത്തിലെ റോഡുകളിലെ കുഴികൾ എണ്ണുന്ന മാധ്യമ പ്രവർത്തകർ കേരളത്തിലെ മികച്ച ഗ്രാമീണ റോഡുകൾ കൂടി എണ്ണണമെന്നായിരുന്നു ആദ്യം പങ്കുവച്ച പോസ്റ്റ്. ഇടതുപക്ഷ സർക്കാറിൻ്റെ വികസന നേട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും കുറിപ്പിലുണ്ടായിരുന്നു. ഇതിനെതിരെ വ്യാപകമായ രീതിയിലാണ് സൈബർ ആക്രമണമുണ്ടായത്. ഇതിനെതിരെ മറുപടിയുമായാണ് നടൻ രംഗത്തെത്തിയത്.
നാടിന്റെ വികസനത്തിൽ അഭിമാനിക്കേണ്ടത് മലയാളികളാണെന്നും പൊതു വിദ്യാഭ്യാസം, ആരോഗ്യം, റോഡുകൾ, വയോജനങ്ങളുടെ ക്ഷേമം, സാംസ്കാരിക രംഗം, കായികം എന്നീ രംഗങ്ങളിലൊക്കെ കേരള സർക്കാരിനെ തോൽപ്പിക്കാൻ മറ്റേത് സംസ്ഥാനത്തിനും കഴിയില്ലെന്നും സന്തോഷ് കീഴാറ്റൂർ കുറിച്ചു. സർക്കാരിനെതിരെ പോസ്റ്റിട്ടാൽ ആഘോഷിക്കുകയും സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെപ്പറ്റി പറയുമ്പോൾ തെറി വിളിക്കുകയും ചെയ്യുന്ന സമീപനമാണ് മാധ്യമങ്ങൾക്കടക്കം ഉള്ളതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. തെറി പറയുന്നവർ പറഞ്ഞോളൂവെന്നും ഇടതുപക്ഷം ഹൃദയ പക്ഷം തന്നെയാണെന്നും നടൻ കുറിച്ചു.