ന്യൂഡൽഹി: ‘തട്ടിപ്പുകാരനായ’ സാന്റിയാഗോ മാർട്ടിനെതിരെ സി.ബി.ഐയും ഇ.ഡിയും അന്വേഷണം നടത്തുകയും ലോട്ടറി ബിസിനസിനെ കുറിച്ച് അടിയന്തിരമായി വിവരമറിയിക്കണമെന്ന് എട്ട് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടുകയും ചെയ്ത ശേഷമാണ് മാർട്ടിൻ ഏറ്റവും കുടുതൽ ഇലക്ടറൽ ബോണ്ടുകൾ വാരിക്കൂട്ടിയതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട വിവരത്തിലൂടെ വെളിച്ചത്തായി. കേരളത്തിൽ ‘ലോട്ടറി രാജാവ്’ ചെയ്ത ക്രമക്കേടുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുകയും അതേ തുടർന്ന് മാർട്ടിന്റെ സിക്കിം സ്റ്റേറ്റ് ലോട്ടറി നിരോധിക്കുകയും ചെയ്തതാണെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മാർട്ടിന്റെ തട്ടിപ്പ് സൂക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷം മാത്രം 1300 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ് ലോട്ടറി രാജാവ് വാങ്ങിയത്.
സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ തട്ടിപ്പുകളെയും ക്രമക്കേടുകളെയും കുറിച്ച് മുന്നറിയിപ്പ് നൽകിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹവുമായി അകലം പാലിക്കാൻ 2019ലാണ് ലോട്ടറി നടത്തുന്ന എട്ട് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ തൊട്ടടുത്ത മാസം തന്നെ കേന്ദ്ര സർക്കാറിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതിയിൽ നിന്ന് 190 കോടി രൂപയുടെ ബോണ്ടുകൾ മാർട്ടിൻ വാങ്ങിക്കൂട്ടി.
2019-ൽ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് മാർട്ടിനെതിരെ അനധികൃത പണമിടപാട് അന്വേഷണം നടത്തി ജൂലൈയിൽ 250 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. അതിന് ശേഷം 2022 ഏപ്രിൽ രണ്ടിന് 409.92 കോടിയുടെ ജംഗമ വസ്തുക്കളും കണ്ടുകെട്ടി. ഇ.ഡി സ്വത്തുകണ്ടു കെട്ടിയതിന്റെ അഞ്ചാം ദിവസം ഏപ്രിൽ ഏഴിന് മാർട്ടിന്റെ കമ്പനി 100 കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി.
2019 സെപ്റ്റംബർ 23നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ‘കേന്ദ്ര-സംസ്ഥാന’ വിഭാഗം സാന്റിയാഗോ മാർട്ടിൻ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽസ് നടത്തുന്ന പശചിമ ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ പ്രത്യേകം പരാമർശിച്ച് കത്തെഴുതിയത്. മറ്റു സംസ്ഥാനങ്ങളിൽ ബിഗ് സ്റ്റാർ ജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡും സാന്റിയാഗോ മാർട്ടിൻ നടത്തിയിരുന്നു. മാർട്ടിനും അയാളുടെ ലോട്ടറി സ്ഥാപനങ്ങൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ അടങ്ങുന്ന പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കത്തിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മുന്നറിയിപ്പുകൾ ഇവയായിരുന്നു:
1-കൊൽക്കത്തയിൽ താമസിച്ച് ബംഗാളിലും അയൽ സംസ്ഥാനങ്ങളിലും നിയമവിരുദ്ധമായി ലോട്ടറി വിൽക്കുന്നു.
2-സംസ്ഥാന സർക്കാറിന്റെ അറിവില്ലാതെ എണ്ണമറ്റ ടിക്കറ്റുകൾ അച്ചടിക്കുന്നു.
3-സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുന്ന മാർട്ടിനെതിരായ നിരവധി തട്ടിപ്പ് കേസുകളിൽ മാർട്ടിൻ ഉൾപ്പെട്ടിട്ടുണ്ട്.
4-സമ്മാനം കിട്ടുന്ന ടിക്കറ്റുകളാണെന്ന വ്യാജേന തട്ടിപ്പ് നടത്തി 1000 കോടിയിലേറെ വരവിൽ കവിഞ്ഞ പണം മാർട്ടിന്റെ പക്കലുണ്ട്.
5-കേരളത്തിൽ മാർട്ടിൻ ചെയ്ത ക്രമക്കേടുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുകയും അതേ തുടർന്ന് കേരളത്തിൽ മാർട്ടിന്റെ സിക്കിം സ്റ്റേറ്റ് ലോട്ടറി നിരോധിക്കുകയും ചെയ്തതാണ്.
6-2010ലെ ലോട്ടറി നിയന്ത്രണ ചട്ടങ്ങൾക്ക് വിരുദ്ധമായി തുടർച്ചയായി സീരിയൽ നമ്പറിടാതെയും പ്രത്യേക നമ്പർ കെട്ടുകളിലാക്കിയും ലോട്ടറി ടിക്കറ്റുകൾ വിറ്റഴിച്ചു.