ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ പഞ്ചാബിനോട് സമനില വഴങ്ങിയതാണ് ചാമ്പ്യന്‍മാര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ പഞ്ചാബിനെതിരെ കേരളത്തിന് ജയം അനാവാര്യമായിരുന്നു. പഞ്ചാബും കര്‍ണാടകയും ഗ്രൂപ്പ് എയില്‍ നിന്ന് സെമിയിലെത്തി. ആതിഥേയരായ ഒഡിഷയെ 2-2ന് സമനില പിടിച്ചാണ് കര്‍ണാടക സെമിക്ക് യോഗ്യരായത്.
കിരീടം നിലനിര്‍ത്താനാവാതെ…
കഴിഞ്ഞ വര്‍ഷം കേരളം വേദിയായ ടൂര്‍ണമെന്‍റില്‍ കേരളമായിരുന്നു ചാമ്പ്യന്‍മാര്‍. മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തകർത്ത് കേരളം ഏഴാം കിരീടം സ്വന്തമാക്കുകയായിരുന്നു. നിശ്ചിത സമയം ഗോള്‍രഹിതമായി മാറിയ മത്സരത്തില്‍ എക്‌സ്‌ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്‌സ്‌ട്രാ ടൈം തീരാന്‍ നാല് മിനിറ്റ് ബാക്കിയിരിക്കെ വലതുവിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചതോടൊണ് കലാശപ്പോര് കഴിഞ്ഞകുറി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.