ലാഹോര്‍: പാക് ജയിലില്‍ വെച്ച് കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ അമീര്‍ സര്‍ഫറാസ് കൊല്ലപ്പെട്ടു. അധോലോക കുറ്റവാളി ആയിരുന്ന സര്‍ഫറാസിനെ ലാഹോറിൽ വെച്ച് അഞ്ജാതർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
2013ലാണ് സരബ്ജിത് ലാഹോര്‍ ജയിലില്‍വച്ച് കൊല്ലപ്പെടുന്നത്. സര്‍ഫറാസും സഹതടവുകാരനും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളുംകൊണ്ട് ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയില്‍ സരബ്ജിതിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അവിടെവെച്ച് അദ്ദേഹം മരിക്കുകയുമായിരുന്നു.
1990ലാണ് പഞ്ചാബ് സ്വദേശിയായ സരബ്ജിത്തിനെ പാക് അധികൃതര്‍ അറസ്റ്റു ചെയ്യുന്നത്. ചാരവൃത്തിയും ബോംബ് സ്‌ഫോടനങ്ങളിലെ പങ്കും ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ ഈ ആരോപണങ്ങൾ ഇന്ത്യ നിഷേധിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് വധശിക്ഷക്കെതിരെ പലതവണ ദയാഹരജികൾ സമർപ്പിച്ചിരുന്നു. ഘാതകനായ അധോലോക കുറ്റവാളി സര്‍ഫറാസിനെ 2018 ഡിസംബറില്‍ ലാഹോറിലെ കോടതി മോചിപ്പിച്ചിരുന്നു.