പാമ്പാടി ∙ ‘കുഞ്ഞിനു മരുന്നു വാങ്ങാനാണു വാഹനം നിർത്തിയതെന്നു പറഞ്ഞപ്പോൾ ‘വണ്ടി എടുത്തുകൊണ്ടു പോടാ’ എന്നൊരു അലർച്ചയായിരുന്നു എസ്ഐയുടേത്’ – തിരുവഞ്ചൂർ പോളച്ചിറ സ്വദേശി എസ്.ശരത് ആ നിമിഷങ്ങൾ ഓർത്തെടുത്തു. മുഖ്യമന്ത്രിക്കു വഴിയൊരുക്കുന്നതിനു വേണ്ടി വാഹനനിയന്ത്രണം ഏർപ്പെടുത്തിയ പൊലീസിന്റെ പ്രവൃത്തി വേദനിപ്പിച്ചതിന്റെ വിങ്ങലിലാണ് ശരത് ഇപ്പോഴും.
സൗദിയിൽ നഴ്സായ ഭാര്യയെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ടശേഷം കാറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു ശരത്. നാലു വയസ്സുള്ള മകനും ശരത്തിന്റെ സഹോദരനും ഒപ്പമുണ്ടായിരുന്നു. സഹോദരനാണു കാറോടിച്ചത്.
ശരത് പറയുന്നു: ‘അമ്മ പോയതിന്റെ വിഷമത്തിൽ കരഞ്ഞു തളർന്ന കുഞ്ഞിനു കടുത്ത പനി അനുഭവപ്പെട്ടു. ഞായറാഴ്ചയായതിനാൽ മെഡിക്കൽ സ്റ്റോറുകൾ അധികം തുറന്നിരുന്നില്ല. വിമാനത്താവളത്തിലേക്കു തിരിയുന്ന മറ്റൂർ ജംക്‌ഷനു സമീപം കണ്ട മെഡിക്കൽ സ്റ്റോറിനു മുന്നിൽ കാർ നിർത്തിയപ്പോഴാണ് എസ്ഐ ജി.സതീശൻ ഓടിയെത്തി വാഹനം മാറ്റിച്ചത്. ഒരു കിലോമീറ്റർ മുന്നോട്ടു പോയിട്ടും മെഡിക്കൽ സ്റ്റോർ കാണാതെ വന്നു.
അതോടെ തിരിച്ചുപോയി മറ്റൂരിലെ മെഡിക്കൽ സ്റ്റോറിന് എതിർവശത്തുള്ള ഹോട്ടലിനു സമീപം കാർ പാർക്ക് ചെയ്തു. മരുന്നു വാങ്ങാൻ സഹോദരൻ പുറത്തിറങ്ങി. ഇതുകണ്ട പൊലീസ് ഉദ്യോഗസ്ഥൻ വീണ്ടും കയർത്തു. മെഡിക്കൽ സ്റ്റോർ ഉടമ പ്രതിഷേധിച്ചപ്പോൾ കട പൂട്ടിക്കുമെന്നായി ഭീഷണി. പെട്ടെന്നു മരുന്നുവാങ്ങി തിരികെ ഇറങ്ങിയപ്പോൾ പൊലീസുകാരൻ പറഞ്ഞതിങ്ങനെ–‘കൊച്ച് കൂടെ ഇല്ലായിരുന്നെങ്കിൽ നിന്നെയൊക്കെ തൂക്കി അകത്തിട്ടേനെ.’ മടങ്ങുന്ന വഴി കാലടി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചപ്പോൾ എസ്‌പി ഓഫിസിൽ അറിയിക്കാൻ നിർദേശം നൽകി. രാത്രി പത്തരയോടെ വീട്ടിലെത്തിയ ശേഷം മുഖ്യമന്ത്രി, ഡിജിപി, ബാലാവകാശ കമ്മിഷൻ എന്നിവർക്ക് ഇമെയിൽ വഴി പരാതി നൽകി.’