നമുക്ക് പരിചിതമായതും നാം വായിച്ചും കേട്ടുമെല്ലാം അറിഞ്ഞിട്ടുള്ളതുമായ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും ഏറെയുണ്ട്. എന്നാല്‍ നമുക്ക് അത്രമാത്രം പരിചിതമല്ലാത്തതും നമുക്ക് അറിവില്ലാത്തതുമായ അസുഖങ്ങളുമുണ്ട്. പലപ്പോഴും വാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാമാണ് ഇത്തരത്തിലുള്ള പുതിയ വിവരങ്ങള്‍ നാമിന്ന് മനസിലാക്കുന്നത്.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അസാധാരണമായ തന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ ഒരാളുടെ വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. റെഡിറ്റിലൂടെയാണ് പേര് വെളിപ്പെടുത്താൻ സാധിക്കാത്ത വ്യക്തി തന്‍റെ രോഗവിവരങ്ങളെ കുറിച്ച് പങ്കിട്ടതും ഇത് നിരവധി പേര്‍ ശ്രദ്ധിച്ചതും.
കഴിഞ്ഞ 32 വര്‍ഷമായി താൻ ടോയ്‍ലറ്റില്‍ പോയിട്ട് എന്നതായിരുന്നു ഇദ്ദേഹം വ്യക്തമാക്കിയ കാര്യങ്ങളില്‍ മിക്കവരെയും അമ്പരപ്പിച്ചത്. മറ്റൊന്നുമല്ല 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘അള്‍സറേറ്റീവ് കൊളൈറ്റിസ്’ എന്ന രോഗം പിടിപെടുകയും ഇത് ഗുരുതരമായി, അകത്ത് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്‍റെ വൻകുടല്‍ നീക്കം ചെയ്യേണ്ടി വന്നു.
ഇതിന് ശേഷം മലവിസര്‍ജ്ജനത്തിന് ശരീരത്തിന് പുറത്ത് ഘടിപ്പിക്കുന്ന ബാഗ് ആണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ‘ആസ്ക് മീ എനിതിംഗ്’ എന്ന സെഷനിലാണ് സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ കൂടിയായ ഇദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ചെല്ലാം വിശദമാക്കിയത്. ടോയ്‍ലറ്റില്‍ പോയി മലവിസര്‍ജ്ജനം നടത്തുന്നത് ഒരു തരത്തില്‍ സംതൃപ്തി നല്‍കുന്ന കാര്യമായതിനാല്‍ തന്നെ ഇത് താങ്കള്‍ ‘മിസ്’ ചെയ്യാറുണ്ടോ എന്നും ചിലര്‍ ഇദ്ദേഹത്തോട് ചോദിച്ചു. ഇതിനും ഇദ്ദേഹം മറുപടി പറഞ്ഞു.
‘എനിക്ക് സത്യത്തില്‍ അതൊരുപാട് മിസ് ചെയ്യാറുണ്ട്. ഇപ്പോഴും. പ്രത്യേകിച്ച് മറ്റാരുടെയെങ്കിലും വീട്ടില്‍ പോകുമ്പോള്‍ ടോയ്‍ലറ്റിനോട് ചേര്‍ന്ന് ബുക്ക് ഷെല്‍ഫെല്ലാം കാണുമ്പോള്‍ മുമ്പ് ടോയ്‍ലറ്റില്‍ പോകുമ്പോള്‍ മാഗസിനുകളൊക്കെ വായിച്ചിരുന്ന ശീലം ഓര്‍മ്മിക്കും…’- ഇദ്ദേഹം പറഞ്ഞു.
ലൈംഗികജീവിതത്തെ ഈ അവസ്ഥ ബാധിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താൻ സജീവമായ ലൈംഗികജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള പ്രായത്തില്‍ തന്നെ ഈ അവസ്ഥയിലേക്ക് എത്തി, അതിനാല്‍ ഇത് കൂടാതെയുള്ള ലൈംഗികാനുഭവങ്ങള്‍ ഇല്ലെന്നും അതേസമയം തുടക്കകാലത്ത് ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം മറുപടിയായി പറഞ്ഞു. തന്നെ പോലെയുള്ളവരെ കുറിച്ചും മറ്റുള്ളവര്‍ അറിയുന്നതിനും അതിനെ ‘നോര്‍മല്‍’ ആയി കണക്കാക്കാനുമാണ് താൻ തുറന്ന പുസ്തകം പോലെ തന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.