തിരുവനന്തപുരം : കേരളസമൂഹത്തിനുള്ള താക്കീതാണ് വിസ്മയ കേസിലെ വിധിയെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. വിവാഹ കമ്പോളത്തിലെ വിൽപ്പനച്ചരക്കാണ് എന്ന കാഴ്ചപ്പാടിനുള്ള താക്കീതാണിത്. ഉചിതമായ വിധിയെന്നും വനിതാ കമ്മിഷൻ പ്രതികരിച്ചു.വർഷങ്ങൾ പഴക്കമുള്ള സ്ത്രീധന നിരോധന നിയമം കാറ്റിൽപ്പറത്തി, സ്ത്രീധനം വാങ്ങി വിവാഹം നടത്തുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കേവലം ഉപഭോഗ വസ്തുവായി മാത്രം സ്ത്രീകളെ കാണുന്നവരുടെ വീക്ഷണഗതി മാറ്റുന്ന വിധിയാകട്ടെ ഇതെന്നും കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) സ്ത്രീധന പീഡനത്തെത്തുടർന്നാണു ജീവനൊടുക്കിയത്. കേസിൽ ഭർത്താവ് കിരൺകുമാറിന് 10 വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. പ്രതി മറ്റു വകുപ്പുകളിലായി 6 വര്‍ഷവും 2 വര്‍ഷവും 1 വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിച്ചു.