കൊച്ചി: നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ചതിന്‍റെ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലാവലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ ഇതിന് പിന്നിലെന്ന് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എമ്മും ഡല്‍ഹിയിലെ സംഘ്പരിവാര്‍ നേതൃത്വവും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന യു.ഡി.എഫ് ആരോപണത്തിന് അടിവരയിടുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് ആരോപിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ സംഘിയെന്ന് ആക്ഷേപിച്ചവരാണ് സി.പി.എം നേതാക്കൾ. കേന്ദ്രസര്‍ക്കാർ പദ്ധതിയായിരുന്ന കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. പ്രധാനമന്ത്രി വരേണ്ടെന്ന് സ്ഥലം എം.പിക്ക് പറയാനാകില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എം.പിയെ ആക്ഷേപിച്ചു.
ഷിബു ബേബി ജോണ്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കാന്‍ ഗുജറാത്തില്‍ പോയതിന്‍റെ പേരില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. അന്ന് പ്രേമചന്ദ്രനെയും ഷിബു ബേബി ജോണിനെയും അധിക്ഷേപിച്ച സി.പി.എം നേതാക്കള്‍ക്ക് ഇപ്പോള്‍ പിണറായി വിജയന്‍റെ നടപടിയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.