തിരുവനന്തപുരം∙ ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് നയപ്രഖ്യാപനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കേന്ദ്രസര്‍ക്കാരിനെ തലോടുന്നതാണ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മറച്ചുവച്ചു. പൊലീസ് മികച്ചതെന്ന് പറയുന്നത് ഗുണ്ടാബന്ധം പുറത്തുവരുന്ന സമയത്താണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ‘നികുതി വരുമാനം കുറയുകയും ദുർചെലവുകളും വർധിക്കുകയും ചെയ്യുമ്പോൾ ആ യാഥാർത്ഥ്യത്തെ മറച്ചുവച്ച് കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. അതുപോലെ ഏറ്റവും നല്ല പൊലീസ് കേരളത്തിലേതാണെന്നും പറഞ്ഞു. എല്ലാ ദിവസവും പൊലീസുകാരെ പിരിച്ചുവിടുകയും സസ്പെൻഡ് ചെയ്യുകയും ചെയ്യുകയാണ്. ലഹരി, ഗുണ്ടാ മാഫിയയുമായി പൊലീസിനും സിപിഎമ്മിനും ബന്ധമുണ്ട്. അതിന് സംരക്ഷണവും ലഭിക്കുന്നുണ്ട്.’– വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സാമൂഹിക, സാമ്പത്തിക മേഖലകളിൽ മികച്ച നേട്ടം കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞതായി ഗവർണർ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. 17 ശതമാനം വളർച്ച നേടി. സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ദുർബല വിഭാഗങ്ങൾക്കായാണ് സംസ്ഥാനത്തിന്റെ വികസനം നയം. നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിച്ചു. നിക്ഷേപത്തിന് അനുകൂല സാഹചര്യമൊരുക്കാൻ നടപടിക്രമങ്ങൾ സുഗമമാക്കി. വ്യവസായ മേഖലയിൽ കുതിച്ചുചാട്ടമുണ്ടായി. സാമ്പത്തിക ഫെഡറലിസം ശക്തമാക്കണമെന്നും ഗവർണർ പറഞ്ഞു.