കൊച്ചി : ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരുവനന്തപുരത്ത് പോയിട്ട് ഇവര്‍ക്ക് ആര്‍ക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലല്ലോ എന്നും മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചി കണ്ടിട്ട് പോകട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാരിൻറെ കൈയിൽ പണമില്ലാതെ മന്ത്രിമാർ തിരുവനന്തപുരത്ത് പോയിട്ട് എന്തുചെയ്യാനാണെന്ന് ചോദിച്ച സതീശൻ മുഖ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ്റെ വിവാദ പരാമർശം വിഷയം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വ്യക്തമാക്കി. സിൽവര്‍ലൈൻ ജിപിഎസ് സര്‍വെയും എതിര്‍ക്കുമെന്നും സര്‍വെയുമായി മണ്ണിലിറങ്ങാൻ ഇനി സര്‍ക്കാരിന് പറ്റില്ലെന്ന് വിഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു അതേസമയം സര്‍വെ രീതി മാത്രമാണ് മാറുന്നതെന്നും പദ്ധതിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും വ്യക്തമാക്കുകയാണ് സിപിഎമ്മും സര്‍ക്കാരും
സമരത്തിൻ്റെ ആദ്യഘട്ടം ജയിച്ചെന്ന പ്രഖ്യാപനത്തോടെയാണ് പ്രതിപക്ഷം സിൽവര്‍ ലൈൻ കല്ലിടൽ നിര്‍ത്തിയ സര്‍ക്കാര്‍ നടപടിയെ ഏറ്റെടുത്തത്. സര്‍വെ പ്രഹസനമെന്നും കല്ലിടൽ നിര്‍ത്തിയതിൽ സര്‍ക്കാരിൽ ഭിന്നാഭിപ്രായം ഉണ്ടെന്നും ആരോപിക്കുന്ന പ്രതിപക്ഷം സര്‍വെയുമായി മുന്നോട്ട് പോകാൻ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ പദ്ധതിയിൽ നിന്ന് ഒരു ഘട്ടത്തിലും പിൻമാറില്ലെന്ന് തീര്‍ത്ത് പറയുകയാണ് സിപിഎമ്മും സര്‍ക്കാരും. സര്‍വെ രീതി മാത്രമാണ് മാറുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. നഷ്ടപരിഹാരം കൂട്ടണമെങ്കിൽ അതടക്കം ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്നാണ് സര്‍ക്കാര് നിലപാട്. ഒരാൾക്ക് പോലും വിഷമമുണ്ടാക്കി പദ്ധതി നടപ്പാക്കില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ.
സര്‍വെയും തുടര്‍ നടപടികളും ആലോചിച്ച് വരുന്നേ ഉള്ളു എന്ന് കെ റെയിൽ അധികൃതര്‍ പറഞ്ഞു. അതേസമയം കല്ലിടലുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളിൽ രജിസ്റ്റര്‍ ചെയ്ത കേസുകൾ പിൻവലിക്കില്ലെന്നാണ് പൊലീസ് നിലപാട്.. അറസ്റ്റ് അടക്കം നടപടികളിലേക്കൊന്നും ഉടനില്ല പക്ഷെ കുറ്റപത്രം സമര്‍പ്പിക്കും.