തൃശൂർ: രാജ്യസഭയിൽ വന്ന ഏക സിവിൽ കോഡ് സ്വകാര്യ ബില്ലിനെ എതിർക്കുന്നതിൽ കോൺഗ്രസിന് ജാഗ്രത കുറവുണ്ടായെന്ന മുസ് ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബിന്‍റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏകീകൃത സിവിൽ കോഡിനെ രാജ്യസഭയിൽ കോൺഗ്രസ് എതിർത്തിട്ടുണ്ടെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗം ജെബി മേത്തറാണ് ബില്ലിനെ എതിർത്തത്. ഇക്കാര്യം വിഡിയോ അടക്കമുള്ള സഭാ രേഖകളിലുണ്ട്. ഗാന്ധിയെയും നെഹ്റുവിനെയും അംബേദ്ക്കറെയും ഉദ്ധരിച്ച് കൊണ്ട് ബില്ലിനെ എതിർത്ത് ജെബി മേത്തർ സംസാരിക്കുമ്പോൾ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ഇടപെട്ടെന്നും സതീശൻ വ്യക്തമാക്കി. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗമായ ഹനുമന്തപ്പയും ബില്ലിനെ എതിർത്തിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
രാജ്യസഭയിൽ അവതരിപ്പിച്ച ഏക സിവിൽ കോഡ് സ്വകാര്യ ബില്ലിനെ എതിർക്കുന്നതിൽ കോൺഗ്രസിന് ജാഗ്രത കുറവുണ്ടായെന്നായിരുന്നു പി.വി അബ്ദുൽ വഹാബിന്‍റെ പരാമർശം. ബിൽ അവതരിപ്പിച്ചപ്പോൾ രാജ്യസഭയിൽ കോൺഗ്രസ് അംഗങ്ങൾ ഇല്ലാതിരുന്നതിനെ വിമർശിക്കുകയല്ലെന്നും പാർലമെന്‍റിലെ സാഹചര്യം ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഭരണപക്ഷ ബെഞ്ചിൽ മുഴുവൻ അംഗങ്ങളും ഉണ്ടായിരുന്നു. പ്രതിപക്ഷത്ത് കുറച്ചു പേർ മാത്രമാണ് ഉണ്ടായിരുന്നത്. പല രാഷ്ട്രീയ കക്ഷികളും വിഷയത്തിൽ നിന്ന് ഒളിച്ചോടുന്നു. ഒളിച്ചോടുന്ന കൂട്ടത്തിൽ കോൺഗ്രസ് ഉണ്ടെങ്കിൽ അക്കാര്യം ലീഗിനോട് പറയേണ്ടതല്ലേയെന്ന് വഹാബ് ചൂണ്ടിക്കാട്ടി. തന്‍റെ പരാമർശത്തിന് പിന്നാലെ ജെബി മേത്തർ അടക്കം ഏതാനും പേർ സഭയിലെത്തുകയും ബില്ലിനെ എതിർത്ത് സംസാരിക്കുകയും ചെയ്തെന്നും വഹാബ് വ്യക്തമാക്കി.