തിരുവനന്തപുരം : തനിക്ക് ഇഷ്ടമില്ലാത്ത വിഷയം സാമ്പത്തിക ശാസ്ത്രമായിരുന്നുവെന്നും പിന്നീട് അത് പഠിക്കാന്‍ പ്രേരിപ്പിച്ചത് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയം പഠിച്ച ശേഷം നിയമസഭയില്‍ അദ്ദേഹവുമായി നിരന്തരം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘വായനയിലെ ഉന്മാദങ്ങള്‍’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്ക് ഇഷ്ടമില്ലാത്തതും മനസിലാകാത്തതുമായ വിഷയം സാമ്പത്തിക ശാസ്ത്രമായിരുന്നു. എന്നാല്‍ അത് പഠിക്കാന്‍ പ്രേരിപ്പിച്ചത് മുന്‍ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് ആയിരുന്നു. സാമ്പത്തിക ശാസ്ത്രം പഠിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കൗശലങ്ങള്‍ കൂടി പഠിച്ചു. പിന്നീട് നിയമസഭയില്‍ അദ്ദേഹവുമായി നിരന്തരം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടു.
വായിക്കുന്ന പുസ്തകങ്ങളെ പറ്റി അദ്ദേഹവുമായി സംവദിച്ചിരുന്നു. മരിയ റീസയുടെ ഹൗ ടു സ്റ്റാന്‍ഡ് അപ് ടു എ ഡിക്‌റ്റേറ്റര്‍ എന്ന പുസ്തകത്തില്‍ ട്രംപ്, മോദി തുടങ്ങിയവര്‍ എങ്ങനെയാണ് ജനങ്ങളെ സ്വാധീനിച്ചതെന്ന് പറയുന്നുണ്ട്. അതില്‍ വായിച്ച് ഭീതി തോന്നിയ കാര്യങ്ങളാണ് നിലവില്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇപ്പോഴുള്ളത് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കെട്ട കാലമാണ് – വിഡി സതീശൻ പറഞ്ഞു. ഏഴു ദിവസം നീണ്ടു നിന്ന രണ്ടാമത് നിയമസഭാ അന്താരാഷ്ട പുസ്തകോത്സവം ഇന്ന് സമാപിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം അര ലക്ഷത്തിലേറെ പേര്‍ ആദ്യ അഞ്ചു ദിവസങ്ങളിലായി പുസ്തകോത്സവ വേദിയില്‍ എത്തിയതായി സംഘാടകര്‍ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ലോക്‌സഭാ സ്പീക്കര്‍ ഒാം ബിര്‍ള, ശശി തരൂര്‍ എംപി, ചീഫ് വിപ്പ് എന്‍ ജയരാജ് തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുക്കും.