കണ്ണൂർ: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനുമായി തനിക്കു തർക്കങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡി.സി.സി പുനഃസംഘടന നിർത്തിവെക്കാൻൻ ഹൈക്കമാൻഡ് നിർദേശം നൽകിയെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ സുധാകരനുമായി എല്ലാ ദിവസവും സംസാരിക്കാറുണ്ട്. താനും സുധാകരനും നേതൃത്വത്തിലിരിക്കുന്നതിനാല്‍ ഞങ്ങളാണ് കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത്.
ഞങ്ങള്‍ രണ്ടാളും ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. തങ്ങള്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ.പി.സി.സിയുടെ അനുമതിയുണ്ട്. എന്നാൽ പരാതിയും പരിഭവവും സ്വാഭാവികമാണെന്ന് വി.ഡി സതീശന് പറഞ്ഞു. പുനഃസംഘടന നിർത്തിവയ്ക്കാനുള്ള നിർദേശത്തിൽ അതൃപ്തി അറിയിച്ചു സുധാകരൻ ഹൈക്കമാൻഡിനു കത്തയച്ച കാര്യം അറിയില്ലെന്നും സതീശൻ വ്യക്തമാക്കി.എല്ലാ നേതാക്കളുമായും കൂടിയാലോചിച്ചാണ് പുനഃസംഘടന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പുനഃസംഘടന നിര്‍ത്തിവച്ചതില്‍ വലിയ അതൃപ്തിയിലാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. നാല് എം.പിമാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ഗ്രൂപ്പുകളുടെ ഒളിപ്പോരാണ് എം.പിമാരുടെ പരാതിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്, ടി.എന്‍.പ്രതാപന്, ബെന്നി ബഹനാന്, എം.കെ.രാഘവന് എന്നിവരാണ് പരാതിപ്പെട്ടതെന്നാണ് സൂചന.