തൃശൂർ > കലാമണ്ഡലം മുൻ പ്രിൻസിപ്പലിനെ അവഹേളിച്ചതിന് നർത്തകി സത്യഭാമയെ കലാമണ്ഡലം ഭരണസമിതിയിൽനിന്നും 2018ൽ എൽഡിഎഫ് സർക്കാർ പുറത്താക്കിയിരുന്നു. 2017ൽ ഭരണസമിതിയിലേക്ക് കലാകാരി എന്നിലയിലാണ് ഇവരെ പരിഗണിച്ചത്. മുൻ പ്രിൻസിപ്പലായിരുന്ന കലാമണ്ഡലം സത്യഭാമ, അവരുടെ ഭർത്താവ് കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായർ എന്നിവരെ ഇവർ അധിക്ഷേപിക്കുന്ന ഫോൺ സംഭാഷണം കലാകാരന്മാരുടെ ഗ്രൂപ്പിൽ പ്രചരിക്കുകയും ഇതിനെത്തുടർന്ന് വിദ്യാർഥികൾ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു.
ആര്‍ എല്‍ വി രാമകൃഷ്ണനുമായി നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തിലായിരുന്നു സത്യഭാമ ടീച്ചറെയും, പത്മനാഭന്‍ നായരെയും ഇവർ തരംതാഴ്ത്തി സംസാരിച്ചത്. പത്മനാഭൻ ആശാൻ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റും പരാമർശത്തിലുണ്ട്. നർത്തകി നീന പ്രസാദിനെക്കുറിച്ചു വ്യക്തിപരമായ മോശം പരാമർശവുമുണ്ടായിരുന്നു.
ദുബായില്‍ ഒരു നൃത്ത മത്സരത്തില്‍ വിധികര്‍ത്താവായി പങ്കെടുത്ത കലാമണ്ഡലം സത്യഭാമ, ആര്‍ എല്‍ വി രാമകൃഷ്ണന്റെ ശിഷ്യയുടെ പ്രകടനത്തെ കുറിച്ച് എഴുതി നല്‍കിയ മോശം റിമാര്‍ക്സിനെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് രാമകൃഷ്‌ണൻ അവരെ വിളിച്ചത്. ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. അന്ന് കലാമണ്ഡലത്തിൽ ഗവേഷണ വിദ്യാര്‍ത്ഥി കൂടിയായിരുന്നു രാമകൃഷ്ണന്‍.
ഭരണസമിതി അംഗം മുൻ പ്രിൻസിപ്പലിനെയും ഭർത്താവിനെയും അവഹേളിച്ചതിനാൽ ഇവരെ ഭരണസമിതിയിൽനിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രക്ഷോഭം നടത്തി. പ്രതിഷേധം വൈസ് ചാൻസിലർ സംസ്ഥാന സർക്കാറിനെ അറിയിച്ചു. ഇതോടെ 2018 ൽ ഭരണസമിതിയിൽനിന്നും അവരെ പുറത്താക്കുകയായിരുന്നു. നേരത്തേയും ഇത്തരത്തിൽ വ്യക്തികളെ അധിക്ഷേപിക്കുന്ന സമീപനമാണ് സത്യഭാമയുടേതെന്ന് നൃത്തമേഖലയിലുള്ള പലരും സാക്ഷ്യപ്പെടുത്തുന്നു.