ചെന്നൈ: അടുത്തിടെയാണ് തമിഴ് താരം സത്യരാജ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബയോപിക് ചിത്രത്തില്‍ അഭിനയിക്കും എന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും വിവരം വന്നത്. ട്രാക്കറായ രമേശ് ബാലയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ആദ്യം എക്സ് അക്കൗണ്ട് വഴി പുറത്തുവിട്ടത്. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
2019ല്‍ തന്നെ നടന്‍ വിവേക് ഒബ്റോയി നായകനായി നരേന്ദ്ര മോദിയുടെ ഒരു ബയോപിക് ചിത്രം എത്തിയിരുന്നു. എന്നാല്‍ ഇത് ബോക്സോഫീസില്‍ വന്‍ പരാജയം നേരിട്ടിരുന്നു. പുതിയ ചിത്രം ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണോ എന്ന തരത്തില്‍ കോളിവുഡില്‍ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ സത്യരാജിന്‍റെ പ്രതികരണം എന്താണ് എന്നതാണ് കോളിവുഡ് ഉറ്റുനോക്കിയത്.
ഒടുക്കം ദിനമലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപികില്‍ അഭിനയിക്കും എന്ന വാര്‍ത്ത സത്യരാജ് നിഷേധിച്ചിരിക്കുകയാണ്. ഇത്തരം ഒരു ചിത്രം സംബന്ധിച്ച് താന്‍ ഒന്നും അറിഞ്ഞില്ലെന്നാണ് താരം പറയുന്നത്.
“മുന്‍പ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്‍റെ മെഴുക് പ്രതിമ വച്ചു എന്ന നിലയിലായിരുന്നു. അന്ന് ഞാന്‍ തിരിച്ച് ചോദിച്ചത് എന്‍റെ അളവ് എടുക്കാതെ എങ്ങനെ എന്‍റെ പ്രതിമ നിര്‍മ്മിക്കും എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. അതോടെ ആ വാര്‍ത്ത നിന്നു. ഇതും അത് പോലെയാണ്. ഞാന്‍ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും” – എന്നാണ് സത്യരാജ് ചോദിക്കുന്നത്. എന്തായാലും സത്യരാജിന്‍റെ മറുപടിയോടെ സത്യരാജ് മോദിയാകുന്നു എന്ന വാര്‍ത്തയ്ക്ക് അവസാനം സംഭവിച്ചുവെന്നാണ് കോളിവുഡിലെ സംസാരം.