ദില്ലി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്ത് പ്രതിപക്ഷം ഉയർത്തുന്നത്. പാർലമെന്റിൽ ആരംഭിച്ച കോൺഗ്രസിന്റെ സത്യഗ്രഹ സമരം വരാനിരിക്കുന്ന സമരങ്ങളുടെ തുടക്കമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പാർലമെൻ്റിനു അകത്തും പുറത്തും പ്രതിഷേധിക്കും. നാളെ യൂത്ത് കോൺഗ്രസ് പാർലമെൻ്റ് മാർച്ച് നടത്തും. മറ്റ് സംഘടനകളും വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വൈകീട്ട് അഞ്ച് മണിവരെയായിരുന്നു സമരം സംഘടിപ്പിച്ചത്.
പ്രതിഷേധ പരിപാടിക്ക് പൊലീസ് ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുമതി നൽകുകയായിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ കത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ നിരോധനാജ്ഞ പിന്‍വലിച്ച് പൊലീസ് സത്യഗ്രഹത്തിന് അനുമതി നല്‍കുകയും ചെയ്തു. പ്രതിഷേധത്തെ മോദി ഭരണകൂടം ഭയക്കുന്നുവെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചിരുന്നു. പൊലീസ് നടപടിയെ അപലപിച്ച് സൽമാൽ ഖുർഷിദും രംഗത്തെത്തിയിരുന്നു. ഭരണകൂടം പ്രതിഷേധങ്ങളെ ഭയക്കുന്നുവെന്നാണ് സൽമാൻ ഖുർഷിദ് പ്രതികരിച്ചത്.