ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിനിന് ജയിലിൽ മസാജ് ചെയ്ത് കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. കള്ളപ്പണക്കേസിൽ ജയിലിലായ ആപ് നേതാവിന് വി.വി.ഐ.പി സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ജെയിനിന് ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് തിഹാർ ജയിൽ സൂപ്രണ്ട് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെയിനിന്‍റേതെന്ന പേരിൽ ദൃശ്യങ്ങളും പുറത്തായത്.ദൃശ്യങ്ങൾ പഴയതാണെന്നാണ് തിഹാർ ജയിൽ വൃത്തങ്ങൾ നൽകുന്ന സൂചന. സംഭവത്തിൽ ഉദ്യോഗസ്ഥർക്കും ജയിൽ ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞാതണെന്നുമാണ് വിശദീകരണം.
നേതാവിന് ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന ആരോപണങ്ങൾ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് പറഞ്ഞ് ആം ആദ്മി പാർട്ടി നേരത്തെ തള്ളിയിരുന്നു.ആപ് സർക്കാറിൽ ആരോഗ്യം, ആഭ്യന്തരം, ഊർജ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള സത്യേന്ദ്ര ജെയിൻ, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. 2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി ഇദ്ദേഹം ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഭൂമി വാങ്ങാനും ഡൽഹിക്ക് സമീപം കൃഷിഭൂമി വാങ്ങാനെടുത്ത വായ്പ തിരിച്ചടക്കാനും അടക്കം ഉപയോഗിച്ച് നാലു കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നണ് കേസ്.രണ്ടു ദിവസം മുമ്പാണ് ജെയിനിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. കൂട്ടുപ്രതികളായ വൈഭവ് ജയ്ൻ, സത്യേന്ദ്ര ജയ്ൻ തുടങ്ങിയവരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.