സൗദി അറേബ്യയിൽ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പെർമിറ്റ് വിതരണം ആരംഭിച്ചു. അര ലക്ഷത്തിലേറെ പെർമിറ്റുകൾ ആണ് ഇന്ന് അനുവദിച്ചത്. ആഭ്യന്തര ഹജ്ജ് തീർഥാടകരും കോവിഡ് വാക്സിൻ എല്ലാ ഡോസും എടുത്തിട്ടുണ്ടാകണം എന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന ആഭ്യന്തര തീർഥാടകർക്കും വിദേശ തീർഥാടകരെ പോലെ കോവിഡ് വാക്സിൻ എടുക്കൽ നിർബന്ധമാണ്. വാക്സിൻ എടുക്കാത്ത തീർഥാടകർക്കു ഹജ്ജിനുള്ള അനുമതി ലഭിക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്സിൻ എടുത്ത് പൂർത്തിയാവുക, കഴിഞ്ഞ 5 വർഷത്തിനിടയിൽ മെനിഞ്ചറ്റിസ് കുത്തിവെയ്പ്പ് നടത്താത്തവരും ഈ സീസണിൽ സീസണൽ ഇൻഫ്ലുവൻസ കുത്തിവെയ്പ്പ് നടത്താത്തവരും അവ പൂർത്തിയാക്കുക തുടങ്ങിയവയും ആഭ്യന്തര തീർഥാടകർക്കുള്ള മാർഗ നിർദേശങ്ങളിലുണ്ട്. വാക്സിൻ എടുക്കാനുള്ള സൌകര്യം ആരോഗ്യ കേന്ദ്രങ്ങളിലുണ്ട്. ഹജ്ജിന് 10 ദിവസം മുമ്പ് വരെ ഇത് തുടരും. മൈ ഹെൽത്ത് വെബ്സൈറ്റ് വഴി കുത്തിവെയ്പ്പിനുള്ള ബുക്കിംഗ് ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ആഭ്യന്തര തീർഥാടകർക്കുള്ള ഈ വർഷത്തെ ഹജ്ജ് പെർമിറ്റ് വിതരണം ചെയ്ത് തുടങ്ങി. മാർഗ നിർദേശങ്ങളെല്ലാം പാലിച്ച പണമടച്ച് പൂർത്തിയായവർക്കാണ് ഇന്ന് അനുമതി പത്രം വിതരണം ചെയ്ത് തുടങ്ങിയത്. 56,000 ത്തോളം പെർമിറ്റുകൾ ഇതുവരെ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അബ്ശിർ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പെർമിറ്റ് പ്രിൻറ് ചെയ്യാനാകും. സീറ്റുകൾ ലഭ്യമാണെങ്കിൽ ജൂൺ 25 വരെ ആഭ്യന്തര തീർഥാടകരുടെ അപേക്ഷ സ്വീകരിക്കും. കൃത്യസമയത്ത് പണമടക്കാത്തവരുടെയും പെർമിറ്റ് ക്യാൻസൽ ചെയ്യുന്നവരുടെയും ഒഴിവുകൾ മറ്റ് അപേക്ഷകർക്ക് നല്കും. ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും നുസുക് ആപ്പ് വഴിയുമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.