തബൂക്ക്: പാലക്കാട് മലമ്പുഴയിൽ യുവാവ് മലയിൽ കുടുങ്ങിയ സമാന രീതിയിൽ തബൂക്കിൽ യുവാവ് പാറക്കെട്ടിനകത്ത് കുടുങ്ങി. അൽ വാജ് ഗവർണറേറ്റിലെ അബു റാക്ക സെന്ററിൽ പാറക്കെട്ടിൽ വീണ 27 കാരനായ സ്വദേശി യുവാവിനെ തബൂക്ക് സിവിൽ ഡിഫൻസ് ടീമുകൾ രക്ഷപ്പെടുത്തി. പ്രദേശത്തെ പാറക്കെട്ടുകളും മറ്റും കാരണം വാഹനങ്ങൾ കടന്നുപോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് രക്ഷാപ്രവർത്തനം 20 മണിക്കൂറോളം നീണ്ടുനിന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
പാറക്കെട്ടിനകത്ത് കുടുങ്ങിയത് മുതൽ രക്ഷാസംഘം യുവാവിന് വെള്ളവും ഓക്സിജനും ഭക്ഷണവും നൽകികൊണ്ടിരുന്നു. യുവാവ് കുടുങ്ങി കിടന്ന പാറയിടുക്കിനകത്തേക്ക് പ്രവേശിക്കാൻ തടസ്സമായി നിന്ന പാറകൾ നീക്കം ചെയ്തതിന് ശേഷമാണ് യുവാവിനെ രക്ഷിച്ചെടുത്തത്. റെഡ് ക്രസന്റ് അതോറിറ്റിയുടെ മെഡിക്കൽ ടീമുകൾ, തബൂക്ക്, അൽ വാജ് ഗവർണറേറ്റ് നഗരങ്ങളിൽ നിന്നുള്ള പ്രത്യേക സംഘങ്ങൾ, വടക്കൻ സെക്ടറിലെ കിങ് ഫൈസൽ എയർ ബേസിൽ നിന്നുള്ള ഒരു സപ്പോർട്ട് വിമാനം എന്നിവരുടെ പങ്കാളിത്തത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
സംഭവമറിഞ്ഞ തബൂക്ക് ഗവർണർ പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ യുവാവിന് ആവശ്യമായ ആരോഗ്യ സംരക്ഷണം നൽകാൻ ബന്ധപ്പെട്ട എല്ലാ അധികാരികളോടും നിർദേശിച്ചിരുന്നു. യുവാവ് വീണ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഹെലികോപ്ടർ സൗകര്യം ചെയ്യാനും അദ്ദേഹം നിർദ്ദേശം നൽകി.ട്രക്കിങ്ങിനിടയിൽ ഇടുങ്ങിയ പാറപ്രദേശത്ത് ഒരു യുവാവ് പാറയിടുക്കിലേക്ക് വീണുപോയ വിവരം തബൂക്കിലെ സുരക്ഷാ അധികാരികൾക്ക് ചൊവ്വാഴ്‌ചയാണ് അറിയിപ്പ് ലഭിച്ചത്. തുടർന്ന് സിവിൽ ഡിഫൻസ് ടീമുകൾ നടത്തിയ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് ബുധനാഴ്ച വൈകീട്ടോടെ യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞത്.