യാംബു: മലപ്പുറം വണ്ടൂർ പുളിയക്കോട് സ്വദേശിയും യാംബു കെ.എം.സി.സി സെക്രട്ടറിയുമായ മുക്രിത്തൊടിക വീട്ടിൽ മുഹമ്മദ് സഹീർ (50) ഹൃദയാഘാതം മൂലം ഇന്ന് രാവിലെ യാംബുവിൽ നിര്യാതനായി. രാവിലെ പതിവ് പോലെ എം.ജി കാർ കമ്പനിയിൽ ജോലിക്ക് പോയതായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തകർ യാംബു ജനറൽ ആശുപത്രിയിൽ എത്തിക്കവെയാണ് മരണം.
രണ്ടര പതിറ്റാണ്ടിലേറെ യാംബു പ്രവാസിയായിരുന്ന സഹീർ താൽക്കാലികമായി പ്രവാസം മതിയാക്കി രണ്ടര വർഷം നാട്ടിൽ കഴിഞ്ഞിരുന്നു. പിന്നീട് ഒരു വർഷം മുമ്പാണ് വീണ്ടും പുതിയ ജോലിയിൽ യാംബുവിലെത്തിയത്. എം.ജി കാർ റിപ്പയറിങ് കമ്പനിയിൽ മെയിന്റനൻസ് സൂപ്പർ വൈസർ ആയി ജോലി ചെയ്യുകയായിരുന്നു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സാരഥിയും സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) യാംബു സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതിയംഗവുമായ സഹീർ യാംബുവിലെ സേവന സന്നദ്ധ സംഘടനാ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
സഹീർ വണ്ടൂരിന്റെ ആകസ്മികമായ മരണം യാംബു പ്രവാസി സമൂഹത്തിന് ഏറെ നോവുണർത്തിയിരിക്കുകയാണ്. മിതഭാഷിയായ സഹീർ സൗഹൃദം കാത്തു സൂക്ഷിക്കുന്നതിൽ മുന്നിലായിരുന്നു. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഒരു നോക്ക് കാണാൻ യാംബു മലയാളി സമൂഹത്തിന്റെ വർധിച്ച സാന്നിധ്യമാണ് പ്രകടമായത്. നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ മൃതദേഹം ഖബറടക്കാനാണ് തീരുമാനമെന്ന് യാംബുവിലുള്ള ബന്ധുക്കളും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളും ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു.
ഖാലിദ് – ആയിഷ ദമ്പദികളുടെ മകനാണ് മുഹമ്മദ് സഹീർ. ഭാര്യ: ജസീല, മക്കൾ: മുഹമ്മദ് ശഹീൻ, മുഹമ്മദ് നൈഷാൻ, നിയ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, ശമീർ (ഇരുവരും യാംബുവിലെ ബഹാംദൂൻ ട്രേഡിങ് സെന്റർ ജീവനക്കാരാണ്). അലി നൗഷാദ്, സജ്‌ന. യാംബുവിലുള്ള സഹോദരങ്ങളും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളും സഹപ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.