റിയാദ്: സൗദി അറേബ്യയിൽ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികൾ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാൻ കരാർ ഒപ്പുവെച്ചു. ഡാഫ അഗ്രികൾച്ചറൽ കമ്പനിയും ഹോളണ്ട് കമ്പനി‘ലഹ്മാൻ ആൻഡ് ട്രാസും തമ്മിലാണ് കരാർ. ഇതോടെ നൂതന ഹൈഡ്രോപോണിക് ഫാമിങ് ടെക്നിക്കുകൾ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന സൗദി കാർഷിക ഉൽപ്പന്നങ്ങൾ നെതർലൻഡ്സിലേക്കും യൂറോപ്യൻ വിപണിയിലേക്കും കയറ്റുമതി െചയ്യും. ആദ്യമായാണ് സൗദിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നത്. കരാർ ആഗോള കാർഷിക കയറ്റുമതി മേഖലയിലേക്കുള്ള പ്രവേശനം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
അതോടൊപ്പം പരിസ്ഥിതി പദ്ധതികളും കാഴ്ചപ്പാടുകളും ശക്തിപ്പെടുത്തും. ആഗോളതലത്തിൽ കാർഷിക മേഖലയുടെ ശേഷിയെ പിന്തുണക്കും. സൗദി കാർഷിക വികസന ഫണ്ട് നൽകുന്ന പിന്തുണയുടെ ചട്ടക്കൂടിനുള്ളിലാണിത്. സുസ്ഥിരമായ കാർഷിക ഉൽപ്പാദനം ഹരിതഗൃഹങ്ങളുടെ സ്ഥാപനം വിപുലീകരിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിരവധി കാർഷിക ഉൽപന്നങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമാണിത്.
സ്വയം പര്യാപ്ത നിരക്ക് കൂടിയ ഇനങ്ങളാണ് കയറ്റുമതി ചെയ്യുക. ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി എന്നിവ കയറ്റുമതി ചെയ്യുന്നതിലുൾപ്പെടും. ശൈത്യകാലത്തെ രാജ്യത്തിെൻറ മിച്ച ഉൽപാദനം കയറ്റുമതി ചെയ്യുന്നത് കാർഷിക മേഖലകളിലെ പൗരന്മാരുടെ വരുമാന നിലവാരം ഉയർത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടിയാണ്.