റിയാദ്: മൊബൈൽ ഗെയിമുകളുടെയും ഇ-സ്പോർട്സിന്റെയും ഗ്ലോബൽ ഹബ്ബാവാൻ സൗദി അറേബ്യ. ഈ ലക്ഷ്യത്തിനുള്ള ദേശീയ പദ്ധതിക്ക് തുടക്കം കുറിച്ചു. കൗൺസിൽ ഓഫ് ഇക്‌ണോമിക് ആന്റ് ഡവലപ്‌മെന്റ് അഫയേഴ്‌സ് ചെയർമാനും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാനാണ് പദ്ധതി പ്രഖ്യാപിച്ചത്.
തുടക്കത്തിൽ അമ്പത് ബില്യൺ റിയാൽ വരെ ജിഡിപിയിലേക്ക് സംഭവന ചെയ്യാൻ സാധിക്കുന്നതും 39,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതുമാണ് പദ്ധതി. പ്രാദേശികവും ആഗോളപരവുമായ ഗെയിമിംഗ് പ്രേമികളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള ഉൽപന്നങ്ങളും സംവിധാനങ്ങളുമാണ് പദ്ധതി വഴി നടപ്പാക്കുക. സൗദി യുവാക്കളുടെയും ഇലക്ട്രോണിക് ഗെയിമിംഗ് പ്രേമികളുടെയും സർഗാത്മകതയും കഴിവും ഈ രംഗത്ത് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
പദ്ധതി വഴി തുടക്കത്തിൽ ആഭ്യന്തര ഉല്പാദന മേഖലയിൽ അമ്പത് ബില്യൺ റിയാലിന്റെ സംഭവന പ്രതീക്ഷിക്കുന്നു. ഇത് ക്രമേണ ഇരുന്നൂറ് ബില്യൺ വരെയായി ഉയർത്താനും ലക്ഷ്യമിടുന്നുണ്ട്. ഇതിന് പുറമേ പദ്ധതി വഴി 39000 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും വഴിയൊരുങ്ങും. വിഷന് 2030 പദ്ധതിയുടെ ലക്ഷ്യ പൂർത്തീകരണത്തോടെ ഗെയിമുകളുടെയും ഇ-സ്‌പോർട്‌സിന്റെയും ആഗോള ഹബ്ബായി സൗദി അറേബ്യയെ മാറ്റുന്നതിനും പദ്ധതിവഴി ലക്ഷ്യമിടുന്നു.