റിയാദ്: മദീനയില്‍ മഴവെള്ളപ്പാച്ചിലില്‍പ്പെട്ട ഏഴുപേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി. സുവൈര്‍ഖിയയിലാണ് സംഭവം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ ദിവസം മദീനയില്‍ ഹറം പരിസരത്ത് ഉള്‍പ്പെടെ ശക്തമായ മഴ പെയ്തിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
സൗദി അറേബ്യയിലെ വടക്കൻ മേഖലയായ തബൂക്കിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. വീശിയടിച്ച കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ദിബാ, അല്‍വജ്, ഉംലജ്, യാമ്പു എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.